കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ മൊബൈൽ ഫോൺ നൽകാൻ ക്രൈംബ്രാഞ്ച് നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നടൻ ദിലീപ്. ഭാര്യയുമായും അഭിഭാഷകരുമായും സംസാരിച്ചതടക്കം സ്വകാര്യ വിവരങ്ങൾ ഫോണിലുണ്ടെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഇത് ക്രിമിനൽ കേസുകളിൽ ഉന്നയിക്കാനാകില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ഇത്തരം കേസുകളിൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാൻ നിർദേശിക്കാറുണ്ട്.
ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോൺ വിട്ടുകിട്ടാൻ പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് വാദങ്ങൾ ഉയർന്നത്. ദിലീപ് ഉപയോഗിച്ചിരുന്ന ആപ്പിൾ, വിവോ കമ്പനികളുടെ നാല് ഫോണും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോണുമാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11ന് ഇതിനായി ഉപഹരജി നൽകിയ പ്രോസിക്യൂഷൻ, ഉച്ചക്കുതന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. ഹരജി പരിഗണനക്ക് എടുത്തപ്പോൾതന്നെ ഫോണുകൾ കൈമാറണമെന്നും ഇതിൽ ഭയക്കുന്നതെന്തിനാണെന്നും കോടതി വാക്കാൽ ചോദിച്ചു.
അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഫോണുകൾ കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് അധികാരവും കഴിവുമുണ്ട്. പ്രതികൾക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാലാണ് ഉപഹരജി നൽകിയത്. ഫോണിലെ രേഖകൾ നശിപ്പിക്കപ്പെട്ടാൽ ഗൂഢാലോചന തെളിയിക്കാനാവില്ല. 2017-18 കാലത്ത് പ്രതികൾ ഉപയോഗിച്ചിരുന്ന ഫോണുകൾ നിർണായക തെളിവുകളാണ്.
അന്വേഷണസംഘത്തെ അപായപ്പെടുത്തുമെന്ന് പറഞ്ഞത് ശാപവാക്കാണെന്ന് പ്രതികൾ അവകാശപ്പെടുന്നു. ഇതിന് തുടർച്ചയായി എന്തു നടന്നെന്ന് അന്വേഷിക്കേണ്ടതുണ്ട്. കോടതി നൽകിയ സംരക്ഷണം നീക്കിയാൽ ഫോണുകൾ കണ്ടെടുക്കാൻ കഴിയും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നയുടൻ ദിലീപ് ഉൾപ്പെടെ പ്രതികൾ ഫോൺ മാറ്റിയത് ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, ഫോണിൽനിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് അന്വേഷണസംഘം കെട്ടുകഥകളുണ്ടാക്കുന്നത് തടയാൻ ഫോറൻസിക് പരിശോധനക്ക് നൽകിയെന്നാണ് ദിലീപിന്റെ വാദം. കഴിഞ്ഞ ഏപ്രിലിൽ ബാലചന്ദ്ര കുമാർ വിളിച്ചതും ഭീഷണിപ്പെടുത്തിയതുമൊക്കെ ഇതിലുണ്ടെന്നും ഇവയൊക്കെ അന്വേഷണസംഘം നശിപ്പിക്കുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.