കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി ആലപ്പുഴ സ്വദേശി സാഗർ വിൻസെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. നടൻ ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സാഗർ വിൻസെന്റ് നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം. അതേസമയം, ചോദ്യം ചെയ്യൽ സമയത്ത് അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. ഹരജി ജസ്റ്റിസ് അനു ശിവരാമൻ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.
കാവ്യാ മാധവന്റെ സഹോദരന്റെ സ്ഥാപനമായ 'ലക്ഷ്യ'യിലെ മുൻ ജീവനക്കാരനായ സാഗറിനെ അന്വേഷണ സംഘം സാക്ഷിയാക്കിയിരുന്നു. താൻ പറഞ്ഞു പഠിപ്പിച്ചപോലെ മൊഴി നൽകണമെന്നാണ് ബൈജു പൗലോസ് ആവശ്യപ്പെട്ടതെന്നും എന്നാൽ സത്യം മാത്രമാണ് മജിസ്ട്രേട്ട് മുമ്പാകെ രഹസ്യ മൊഴിയായി നൽകിയതെന്നും ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. മൊഴി മാറ്റാൻ തയാറാകാതെ വന്നതോടെ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുകയാണെന്നും ഇയാൾ ആരോപിക്കുന്നു.
തിങ്കളാഴ്ച കേസ് പരിഗണിക്കവെയാണ്, ഇയാളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷനും അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്ന് ഹരജിക്കാരനും ആവശ്യപ്പെട്ടത്. എന്നാൽ, കേസിലെ പ്രതികൾക്കാണ് അപൂർവമായി അഭിഭാഷകന്റെ സാന്നിധ്യത്തിന് അനുമതി നൽകാറുള്ളതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഹരജിയിലെ ആരോപണങ്ങളെ എതിർത്ത് വിശദീകരണം നൽകുമെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.