കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വ്യാഴാഴ്ച അഡീഷനൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം സീൽ ചെയ്ത കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.
നേരത്തേ, ആക്രമിക്കപ്പെട്ട നടിയും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതേസമയം, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി ഏപ്രിൽ 15 വരെ സമയം അനുവദിച്ചു. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് ഒന്നുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കേസ് പരിഗണിച്ചപ്പോഴാണ് വിചാരണ പൂർത്തിയാക്കാൻ ഹൈകോടതി സമയം നീട്ടി നൽകിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചത്. ഇതേതുടർന്നാണ് കോടതി ഏപ്രിൽ 15 വരെ അന്വേഷണം പൂർത്തിയാക്കാൻ സമയം നീട്ടി നൽകിയത്.
അതിനിടെ, സുപ്രീംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആൻറണി കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. ബുധനാഴ്ചയാണ് സുപ്രീംകോടതി മാർട്ടിന് ജാമ്യം അനുവദിച്ചത്. ആക്രമിക്കപ്പെട്ട ദിവസം നടി സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് മാർട്ടിനായിരുന്നു. തുടർന്ന് മാർട്ടിന് പ്രതികളുമായുള്ള ബന്ധം കണ്ടെത്തിയതിനെത്തുടർന്നാണ് കേസിൽ പ്രതിചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.