നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മൂന്നുതവണ മാറി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ നിർണായക തൊണ്ടിമുതലായ മെമ്മറി കാർഡിന്‍റെ ഫോറൻസിക് പരിശോധനഫലം എറണാകുളം അഡീഷനൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. ആക്രമണദൃശ്യം പകർത്തിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യുവിൽ മൂന്നുപ്രാവശ്യം മാറ്റം വന്നതായി പരിശോധനയിൽ കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും ജില്ല കോടതിയുടെയും വിചാരണക്കോടതിയുടെയും കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നാണ് സൂചന.

ഹൈകോടതി നിർദേശപ്രകാരം തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് കാർഡ് പരിശോധിച്ചത്. ഹാഷ് വാല്യു പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി തള്ളിയതിനെത്തുടർന്ന് അന്വേഷണസംഘം ഹൈകോടതിയെ സമീപിച്ചാണ് അനുകൂല ഉത്തരവ് നേടിയത്. മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്ന് അറിയണമെന്നും കാർഡ് പരിശോധിച്ചില്ലെങ്കിൽ നീതി ഉറപ്പാവില്ലെന്ന് നടിയും ഹൈകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, വിചാരണ വൈകിപ്പിക്കാനാണ് കാർഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു നടൻ ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം.

തുടരന്വേഷണം പൂർത്തിയാക്കാൻ ഹൈകോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 

എന്താണ് ഹാഷ് വാല്യു​?

ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനങ്ങളിലൊന്നാണ് ഹാഷ് വാല്യു. നിശ്ചിതസമയത്ത് കാര്‍ഡിലുള്ള ഡേറ്റയുടെയും ഫയലുകളുടെയും ആകെത്തുകയാണത്. മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുമ്പോള്‍ സൈബര്‍ വിദഗ്ധര്‍ ഇത് രേഖപ്പെടുത്തും. പിന്നീട് അത് കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ ഇട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഹാഷ് വാല്യുവിന് മാറ്റം സംഭവിക്കും. പൊലീസോ കോടതിയോ സൂക്ഷിക്കുന്ന മെമ്മറി കാര്‍ഡ് അവസാനമായി ഔദ്യോഗികമായി കണ്ടശേഷം ഹാഷ് വാല്യു കണക്കാക്കും. ദിവസങ്ങള്‍ക്കുശേഷം ഈ വാല്യു ഫോറന്‍സിക് പരിശോധനയില്‍ മാറിയതായി കണ്ടാല്‍ ആരോ അതിനിടെ കാര്‍ഡ് അനധികൃതമായി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിന്‍റെ സൂചനയായി കണക്കാക്കും.

കോടതിയിലുള്ള മെമ്മറി കാർഡ് എങ്ങനെ തുറന്നു​?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയെന്ന കണ്ടെത്തലിൽ സാങ്കേതിക പരിശോധനകളടക്കം വിശദ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. നിർണായക ചോദ്യങ്ങളിലാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ കാർഡ് എങ്ങനെ അനധികൃതമായി തുറന്നുവെന്നതാണ് പ്രധാനമായി കണ്ടെത്തേണ്ടത്. ദൃശ്യങ്ങള്‍ പുറത്തുപോയിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ആരൊക്കെയാണെന്നും അറിയണം. കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും എട്ടാം പ്രതി നടന്‍ ദിലീപിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.

അദ്ദേഹത്തിന്‍റെ പക്കല്‍ ദൃശ്യങ്ങളുള്ളതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കാൻ ഹൈകോടതി നിശ്ചയിച്ച സമയം ഈ മാസം 15 വരെയാണ്. മെമ്മറി കാർഡിന്‍റെ ഡിജിറ്റൽ ഘടനയിൽ മാറ്റം കണ്ടെത്തിയ സാഹചര്യത്തിൽ ഇക്കാര്യം പ്രത്യേകം അന്വേഷിക്കാനാണ് സാധ്യത.

Tags:    
News Summary - Actress attack case: Hash value of memory card changed three times

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.