ഗൂഢാലോചന കേസ്​; ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ വകവരുത്താനുള്ള ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന്​ അന്വേഷണ സംഘം. ഇതിനായി കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ച്​ തീരുമാനം. നിലവിലെ ചോദ്യം ചെയ്യൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് വ്യാഴാഴ്ച കോടതിയിൽ സമർപ്പിച്ചതിന് ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കുക.

തെളിവുകൾ ശേഖരിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത് അനുസരിച്ച് നടൻ ദിലീപടക്കമുള്ള പ്രതികൾ സമർപ്പിച്ചത് പുതിയ മൊബൈൽ ഫോണുകളാണെന്നും അതിനാൽ നേരത്തെ ഉപയോഗിച്ചിരുന്ന ഫോണുകൾ ഇന്ന് ഉച്ചയോടെ​ ക്രൈം ബ്രാ‌ഞ്ചിന് മുന്നിൽ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്​.

ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തതിന് മുമ്പുള്ള ഫോൺകാൾ രേഖയടക്കം പരിശോധിക്കാനായിരുന്നു​ അവ പിടിച്ചെടുത്തത്. ദിലീപ്, സഹോദരൻ അനൂപ് എന്നിവരുടെ രണ്ട് ഫോൺ വീതവും സഹോദരീഭർത്താവ് സൂരജ്, അപ്പു എന്നിവരുടെ ഓരോ ഫോണുമാണ്​ ക്രൈംബ്രാഞ്ച് ആവശ‍്യപ്പെട്ടത്. പുതിയ ഫോണുകൾ കൈമാറിയതിലൂടെ കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.

അന്വേഷണസംഘത്തെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും മൂന്ന് ദിവസം ചോദ്യം ചെയ്യാനായിരുന്നു കോടതി അനുമതി നൽകിയത്. കോടതി അനുവദിച്ച സമയം അവസാനിച്ചെങ്കിലും പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. പ്രതികൾ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ ഫോണുകൾ മാറ്റിയത് അതിന് വേണ്ടിയാണെന്നാണ് ക്രൈം ബ്രാഞ്ചി​െൻറ നിഗമനം.

അതേസമയം, ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്നുദിവസങ്ങളിലായി 33 മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരേയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. നിര്‍ണായകമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചെന്നാണ് സൂചന. പ്രതികളുടെ മൊഴികള്‍ തമ്മില്‍ വൈരുധ്യമുണ്ടെന്നും സൂചനയുണ്ട്. ദിലീപിനെയും ഗൂഢാലോചന കേസിലെ മറ്റു പ്രതികളെയും ചോദ്യംചെയ്യാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്ന് രാത്രി 8 മണിക്ക് അവസാനിച്ചു. ഇന്ന് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ വ്യാസൻ ഇടവനക്കാടിനെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിളിപ്പിച്ചത്.

കഴിഞ്ഞദിവസം ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ചൊവ്വാഴ്​ച്ച ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്‍റെ മുൻകൂർ ജാമ്യഹരജി വിധി പറയുക. നടിയെ അക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിന് 10 ദിവസം കൂടി കോടതി അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതിയാണ് പ്രോസിക്യൂഷന്‍റെ ആവശ്യപ്രകാരം സമയം നീട്ടിനല്‍കിയത്.

Tags:    
News Summary - actress attack case probe team says accused including Dileep should be questioned again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.