കോഴിക്കോട്: പ്രശസ്ത നാടക നടി പേരാമ്പ്ര കോടേരിച്ചാലിൽ ലക്ഷ്മി കോടേരി (70) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അന്ത്യം.
12ാം വയസുമുതല്‍ അഭിനയരംഗത്തുള്ള ലക്ഷ്മി ആയിരത്തിൽ പരം കഥാപാത്രങ്ങള്‍ക്ക് ജീവനേകിയിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്‍റെ സി.എല്‍. ജോസ് സംവിധാനം ചെയ്ത കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം. തുടര്‍ന്ന് കേരളത്തിലെ വിവിധ നാടക ട്രൂപ്പുകളിലും തെരുവ് നാടകങ്ങളിലും സജീവമായിരുന്നു.
1989 മുതല്‍ വിക്രമന്‍ നായരുടെ സ്‌റ്റേജ് ഇന്ത്യയിലൂടെ പ്രഫഷണല്‍ നാടകരംഗത്തെത്തിയ ലക്ഷ്മി കോടേരി വടകര വരദ, കോഴിക്കോട് സംഘചേതന തുടങ്ങിയ മികച്ച ട്രൂപ്പുകളിൽ അംഗമായിരുന്നു. കോഴിക്കോട് ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു.
2018 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അഭിനയമികവിന് പ്രാദേശിക അംഗീകാരങ്ങളും ആദരവുകളും ഈ കലാകാരിയെ തേടിയെത്തി.ലോക് ഡൗണ്‍സമയത്ത് കോവിഡ് ബോധവത്കരണത്തിനായി പുറത്തിറങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പില്‍.പരേതരാത കൃഷ്ണന്‍ നായരുടെയും ഉമ്മമ്മ അമ്മയുടെയും മകളാണ്. മകന്‍: മനോജ് കോടേരി(സിവില്‍ എഞ്ചിനിയര്‍). മരുമകള്‍: രജനി (കോടേരിച്ചാല്‍). സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ഗോപാലന്‍ നായര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.