വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപ്പൊട്ടലിൽ മരിച്ച കാമറ അസിസ്റ്റന്റ് ഷിജുവിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടി സീമ ജി. നായർ. ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തിയെന്നും ആദരാഞ്ജലികളിൽ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തിയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
‘നിരവധി സീരിയലുകളിൽ ഫോക്കസ് പുള്ളറായ ഷിജുവും വയനാട് ദുരന്തത്തിൽ പെട്ടിരുന്നു... ഷിജുവിന്റെയും അമ്മയുടെയും മൃതദേഹം കണ്ടെത്തി... ആദരാഞ്ജലികളിൽ തീരുമോ ഈ ദുരന്തത്തിന്റെ വ്യാപ്തി’ -എന്നിങ്ങനെയായിരുന്നു നടിയുടെ കുറിപ്പ്.
സൂര്യ ഡിജിറ്റൽ വിഷനിലെ കാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. ഷിജുവിന്റെ മരണ വാർത്ത നേരത്തെ ഫെഫ്കയും പങ്കുവെച്ചിരുന്നു.
‘ഫെഫ്ക എം.ഡി.ടി.വി അംഗമായ ഫോക്കസ് പുള്ളർ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട് നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്. ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും കാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരിക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാർത്തയും പങ്കുവെക്കുന്നു. പ്രണവിന്റെ വീട്ടുകാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. സൂര്യ ഡിജിറ്റൽ വിഷനിലെ കാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിൽ അണഞ്ഞുപോയ എല്ലാ സഹോദരങ്ങൾക്കും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂനിയന്റെയും പ്രണാമം’ -എന്നിങ്ങനെയായിരുന്നു ഫെഫ്കയുടെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.