തൃശൂർ: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവർത്തകരായ ആറ് പേർക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും നാല് ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പെരിങ്ങോട്ടുകര സുരേഷിന്റെ മകന് ആദര്‍ശിനെ (25)യാണ് 2020ൽ കൊലപ്പെടുത്തിയത്.
ബി.ജെ.പി പ്രവർത്തകരായ പടിയം മുറ്റിച്ചൂര്‍ കൂട്ടാല നിജില്‍ എന്ന കുഞ്ഞാപ്പു (27), ചാവക്കാട് കോഴിക്കുളങ്ങര മണത്തല ഇത്തിപ്പറമ്പില്‍ പ്രജില്‍ (28), മുറ്റിച്ചൂര്‍ പെരിങ്ങാടന്‍ ഹിരത്ത് എന്ന മനു (27), കാരമുക്ക് കണ്ടശ്ശാംകടവ് താണിക്കല്‍ ഷനില്‍ (27), മുറ്റിച്ചൂര്‍ പണിക്കവീട്ടില്‍ ഷിഹാബ് (30), വടക്കുംമുറി കോക്കാമുക്ക് വാലപറമ്പില്‍ ബ്രഷ്നോവ് (32) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ.വി. സാലിഹ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ഓരോരുത്തരും നാല് വര്‍ഷം അധികം തടവ് അനുഭവിക്കണം.
2020 ജൂലൈ രണ്ടിന് രാവിലെ 10ഓടെ അന്തിക്കാട് കുറ്റിക്കാട്ട് അമ്പല പരിസരത്തുള്ള അന്തോണി മുക്കിലാണ് കൊലപാതകം നടന്നത്. കാറില്‍ മാരകായുധങ്ങളുമായി വന്ന പ്രതികള്‍ ആദര്‍ശിനെ വാളുകള്‍ ഉപയോഗിച്ച് തലയിലും കാലിലും ശരീരഭാഗങ്ങളിലും വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് ആദര്‍ശ് മരിച്ചത്.
സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ വന്ന കാര്‍ ചെന്ത്രാപ്പിന്നിയിലെ ഒരുവീടിനു മുന്നിൽനിന്നും കണ്ടെത്തി. വാഹനം ആറാം പ്രതി ഷിഹാബ് ഉപയോഗിക്കുന്നതായി അറിഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിൽ ഷിഹാബും കൂട്ടരും നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്നും കൊലപാതകത്തിന് ശേഷം മുറ്റിച്ചൂരിലെ ഒഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും അറിഞ്ഞത്. രാത്രി വീടുവളഞ്ഞ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ പിടികൂടിയത്. പ്രതി ബ്രഷ്നോവ് ആണ് വാഹനം വാടകക്ക് എടുത്തുകൊടുത്തത്. ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് കോടതിയില്‍ പ്രോസിക്യൂഷന് കുറ്റകൃത്യം തെളിയിച്ചത്.
സംഭവം നടന്നതിന്റെ സമീപപ്രദേശത്തുള്ള വീടുകളില്‍നിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ സ്ക്രീന്‍ സമയത്തില്‍ വന്ന മാറ്റം സാങ്കേതിക വിദഗ്ധരെ സാക്ഷികളാക്കി വിസ്തരിച്ച് കോടതി മുമ്പാകെ പ്രോസിക്യൂഷന് തെളിയിച്ചിരുന്നു. ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ സേവനദാതാക്കളെ വിസ്തരിച്ചു. ഇതിലൂടെ ഫോണ്‍ മുഖേനെ നടത്തിയ ഗൂഢാലോചന കോടതിയെ ബോധ്യപ്പെടുത്തി. കൊലപാതകത്തിലേക്ക് നയിച്ച ഗൂഢാലോചനക്ക് കൂടിയാണ് ഷിഹാബിനെയും ബ്രഷ്നോവിനെയും ശിക്ഷിച്ചത്.
ഒന്നും അഞ്ചും പ്രതികള്‍ തമ്മില്‍ കല്ലാറ്റുപുഴ അമ്പലപരിസരത്തുവെച്ച് നേരിട്ടും മറ്റുള്ളവർ ഈ കാലയളവില്‍ ഫോണ്‍ മുഖാന്തിരവും ആദര്‍ശിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. കേസിലെ സാക്ഷികള്‍ ആദര്‍ശിന്റെ അതേ രാഷ്ട്രീയപാര്‍ട്ടിയിൽ ഉള്ളവരാണെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള പ്രതികളുടെ വാദം ഖണ്ഡിക്കാനും കഴിഞ്ഞു. വിചാരണക്കോടതിയില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞതാണ് പ്രധാനമെന്നും മജിസ്ട്രേറ്റ് മുമ്പാകെ നല്കിയ മൊഴിയിലുള്ള വ്യതിയാനം പരിഗണിക്കേണ്ടതില്ലെന്നുമുള്ള ജില്ല പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണ് ദൃക്സാക്ഷികളുടെ മൊഴികള്‍ വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തിയത്.
കേസിലെ പ്രതികള്‍ അന്തിക്കാട് ജനതാദള്‍ നേതാവായിരുന്ന ദീപകിനെ വധിച്ച കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും അഞ്ചാം പ്രതി ഷിഹാബിനെതിരെ കാപ്പ നടപടികള്‍ നടക്കുകയാണെന്നും ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാർ കോടതിയിൽ വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ലിജി മധു, കെ.പി. അജയ്കുമാര്‍ എന്നിവരും ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.