കൊച്ചി: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വസ്‌തുതാന്വേഷണത്തിന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡി.ജി.പി) ഉത്തരവിട്ടു. ആത്മഹത്യ ചെയ്ത എസ്. അനീഷ്യയുമായി (44) ബന്ധപ്പെട്ട ശബ്‌ദരേഖകളും വാർത്തകളും വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. കെ. ഷീബ അന്വേഷിച്ച് രണ്ടാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. വിഷയം ഡയറക്ടർ ഓഫ് പ്രോസിക്യൂഷനാണ് (അഡ്‌മിനിസ്‌ട്രേഷൻ) ഡി.ജി.പിയുടെ ശ്രദ്ധയിൽപെടുത്തിയത്.
അനീഷ്യയെ മേലുദ്യോഗസ്ഥനും സഹപ്രവർത്തകരും മാനസികമായി ബുദ്ധിമുട്ടിച്ചെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് മുൻവിധികളില്ലാതെ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്താനാണ് നിർദേശം.
പ്രോസിക്യൂഷൻ ഡയറക്ടർ അന്വേഷണത്തിന് ആവശ്യമായ സഹായം നൽകണം. മാധ്യമവാർത്തകളും ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥക്ക് കൈമാറണമെന്നും ഡി.ജി.പി നിർദേശിച്ചു.
ഞായറാഴ്‌ചയാണ് കൊല്ലം നെടുങ്ങോലം പോസ്‌റ്റ് ഓഫിസ് ജങ്ഷന് സമീപത്തെ വീട്ടിൽ അനീഷ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.