കൊച്ചി: സ്വവർഗാനുരാഗികളായ യുവതികൾക്ക് ഒന്നിച്ച് ജീവിക്കാൻ ഹൈകോടതിയുടെ അനുമതി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഫാത്തിമ നൂറ എന്ന പ്രണയിനിയെ വിട്ടുകിട്ടാൻ ആലുവ സ്വദേശിനി ആദില നസ്റിൻ നൽകിയ ഹേബിയസ് കോർപസ് ഹരജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് അനുവദിച്ചു. ആദിലയുടെ ഹരജിയിൽ എറണാകുളം ബിനാനിപുരം പൊലീസ് ചൊവ്വാഴ്ച ഉച്ചയോടെ നൂറയെ ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. ജഡ്ജിമാർ ഇവരുമായി സംസാരിച്ചു. തുടർന്ന്, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് ഒരുമിച്ച് താമസിക്കാൻ നിയമപരമായി തടസ്സമില്ലെന്ന് വ്യക്തമാക്കി നൂറയെ ആദിലക്കൊപ്പം വിട്ട് ഹരജി തീർപ്പാക്കുകയായിരുന്നു.
22കാരി ആദിലയും 23കാരി നൂറയും സൗദി അറേബ്യയിലെ പഠനകാലത്താണ് പ്രണയത്തിലായത്. തനിക്കൊപ്പം താമസിക്കാൻ ആലുവയിലെത്തിയ നൂറയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന് കാട്ടിയാണ് ആദില ഹരജി നൽകിയത്. രാവിലെ ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഉച്ചയോടെ നൂറയെ ഹാജരാക്കാൻ നിർദേശിച്ചു. വീട്ടുകാർ കോടതിയിലെത്തിച്ച നൂറ, ഒരുമിച്ച് ജീവിക്കാനാണ് താൽപര്യമെന്ന് അറിയിക്കുകയായിരുന്നു.
സൗദിയിൽനിന്ന് നാട്ടിൽ മടങ്ങിയെത്തിയശേഷവും ഇവർ അടുപ്പം തുടർന്നിരുന്നു. സമാനരീതിയിൽ ജീവിക്കുന്നവരെക്കുറിച്ച് പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ഇരുവർക്കും ചെന്നൈയിൽ ജോലി തരപ്പെടുത്തുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിർപ്പ് ശക്തമായതിനെത്തുടർന്ന് മേയ് 19ന് ഒളിച്ചോടി കോഴിക്കോട് ഒരു കേന്ദ്രത്തിൽ അഭയം തേടി. നൂറയുടെ ബന്ധുക്കൾ ഇവിടെയെത്തി പ്രശ്നമുണ്ടാക്കിയതോടെ പൊലീസ് ഇടപെട്ടു. ഒരുമിച്ച് ജീവിക്കാൻ ബന്ധുക്കൾ അനുവദിക്കുന്നില്ലെന്ന ആരോപണവുമായി ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലും എത്തിയിരുന്നു. പിന്നീട് ആദിലയുടെ ബന്ധുക്കൾ ഇരുവരെയും ആലുവ മുപ്പത്തടത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. എന്നാൽ, ബന്ധുക്കൾ ഇവിടെയെത്തി നൂറയെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയെന്നും തന്‍റെ മാതാപിതാക്കൾ അവരെ അനുകൂലിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആദില കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.