ആദിവാസി ഭൂമി കൈയേറിയത് ആർ. രാമചന്ദ്രൻ നായരുടെ ട്രസ്റ്റ്; അറസ്റ്റിലായത് എച്ച്.ആർ.ഡി.എസ് സെക്രട്ടറി

കോഴിക്കോട്: അട്ടപ്പാടിയിൽ ആദിവാസി ഭൂമി കൈയേറിയത് മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ രക്ഷാധികാരിയായ വിദ്യാധിരാജ വിദ്യാ സമാജം ട്രസ്റ്റ്. എന്നാൽ, അറസ്റ്റിലായത് എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ. വട്ടലക്കി ആദിവാസി ഊരിന് സമീപം ആദിവാസികൾ പാരമ്പര്യമായി ആടുമാടുകളെ മേയ്ക്കുന്ന 55 ഏക്കർ ഭൂമി സ്വന്തമാക്കിയത് തിരുവനന്തപുരത്തെ ഹിന്ദു മിഷൻ റോഡിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ വിദ്യാ സമാജം ട്രസ്റ്റാണ്.

അതിന്റെ ട്രസ്റ്റിയാണ് ആർ. രാമചന്ദ്രൻ നായർ. 38ലധികം വർഷമായി ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണ് വട്ടലക്കിയിലെ ഭൂമിയെന്ന് ഭാരവാഹികൾ അവകാശപ്പെടുന്നു. ഭൂമി ഊരിലെ ആദിവാസികളുടേതാണെന്ന് സാമൂഹിക പ്രവർത്തകനായ മുരുകൻ അടക്കമുള്ളവർ വാദിച്ചപ്പോൾ അതിനെതിരെ മണ്ണാർക്കാട് കോടതിയിൽ ഹരജി നൽകിയത് വിദ്യാധിരാജ ട്രസ്റ്റ് സെക്രട്ടറി ഡോ. ജയകുമാറാണ്.

1982-83 കാലത്താണ് ആധാരങ്ങൾ രജിസ്റ്റർ ചെയ്തതെന്നാണ് ട്രസ്റ്റ് കോടതിയിൽ അവകാശപ്പെട്ടത്. കോടതിയിൽനിന്ന് 2021 ജൂലൈ 30ന് താൽക്കാലിക ഉത്തരവും സമ്പാദിച്ചു. വട്ടലക്കി ഊരിൽ താമസിക്കുന്ന ആദിവാസികളായ മുരുകൻ, സുരേഷ്, പ്രകാശ്, രവികുമാർ എന്നിവർ ഈ ഭൂമിയിൽ അതിക്രമിച്ച് കടക്കരുതെന്നായിരുന്നു ഉത്തരവ്. ഈ ഭൂമിയിൽ പണിക്കെത്തുന്ന ജോലിക്കാരെ തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

അതേസമയം, ആദിവാസികളുടെ കുടിൽ കത്തിച്ചതിൽ എച്ച്.ആർ.ഡി.എസിനെതിരെ 2021 ജൂൺ 23ന് ഷോളയൂർ പൊലീസ് സ്റ്റേഷനിലും 24ന് തൃശൂർ റേഞ്ച് ഐ.ജിക്കും അട്ടപ്പാടി ആക്ഷൻ കൗൺസിൽ പരാതി നൽകിയിരുന്നു. അന്ന് ഷൊളയൂർ പൊലീസിനെ നിയന്ത്രിക്കുന്ന സി.പി.എം നേതാക്കൾ എച്ച്.ആർ.ഡി.എസുമായി ഒത്തുകളിച്ചെന്നും പൊലീസ് എച്ച്.ആർ.ഡി.എസിനെ സഹായിച്ചെന്നുമാണ് ആരോപണം.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന മുഖ്യമന്ത്രിക്കെതിരെ വാർത്ത സമ്മേളനം നടത്തിയതോടെ സി.പി.എം സംസ്ഥാന നേതൃത്വം എച്ച്.ആർ.ഡി.എസിന് എതിരായി. തുടർന്ന് എച്ച്.ആർ.ഡി.എസിനെതിരെ പുതിയ പരാതി നൽകിയത് രാമൻ എന്ന ആദിവാസിയാണ്. സി.പി.എം നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് പരാതി നൽകിയതെന്നാണ് സൂചന. നേരത്തെ എച്ച്.ആർ.ഡി.എസിനെ സഹായിച്ച പൊലീസുകാർ തന്നെയാണ് ഇപ്പോൾ സെക്രട്ടറിയെ അറസ്റ്റ് ചെയ്തതെന്ന് ആക്ഷൻ കൗൺസിൽ നേതാക്കൾ 'മാധ്യമം' ഓൺലൈനോട് പറഞ്ഞു.

എച്ച്.ആർ.ഡി.എസിന്റെ പ്രവർത്തനങ്ങൾക്കെല്ലാം സഹായം നൽകിയത് ഷോളയൂർ പഞ്ചായത്ത് ഭരണസമിതിയാണ്. സി.പി.എമ്മിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വരെ എച്ച്.ആർ.ഡി.എസ് സഹായിച്ചിരുന്നു. എച്ച്.ആർ.ഡി.എസ് ഔഷധ കൃഷി നടത്താൻ ആദ്യം ആദിവാസി ഊരുകളിലെത്തി യോഗം നടത്തിയിരുന്നു. 30 വർഷത്തെ പാട്ടത്തിന് ആദിവാസികൾ ഭൂമി വിട്ടുനൽകണമെന്ന് ആദിവാസികളോട് ആവശ്യപ്പെട്ടു. എന്നാൽ, പാട്ടത്തിന് നൽകിയ ഭൂമി നഷ്ടപ്പെട്ട അനുഭവമുള്ളതിനാൽ ആദിവാസികൾ അതിന് തയാറായില്ല.

പിന്നീടാണ് വട്ടലക്കിയിലെ ഭൂമി നിരപ്പാക്കാൻ മണ്ണുമാ​ന്തി യന്ത്രവുമായി എച്ച്.ആർ.ഡി.എസ് അധികൃതർ എത്തിയത്. ഭൂമി അന്യാധീനപ്പെട്ട വിവരം അറിഞ്ഞ് ആദിവാസികൾ മണ്ണുമാ​ന്തി യന്ത്രം തടഞ്ഞു. തുടർന്ന് ആദിവാസികൾക്കെതിരെ എച്ച്.ആർ.ഡി.എസ് ഷോളയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിലാണ് മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായരുടെ ട്രസ്റ്റ് ഭൂമി പാട്ടത്തിന് കൈമാറിയെന്ന് രേഖപ്പെടുത്തിയത്.

കാട് വെട്ടിത്തെളിച്ച് കൃഷി ചെയ്യാൻ എച്ച്.ആർ.ഡി.എസ് പ്രവർത്തകർ എത്തിയപ്പോൾ ഈ ഭാഗത്ത് ആദിവാസികളുടെ ഭൂമിയുണ്ടെന്ന് അവകാശപ്പെട്ട് ഒരു കൂട്ടംആളുകൾ പണികൾ തടഞ്ഞെന്നും ഭൂമിക്കുമേൽ അവർ തർക്കം ഉന്നയിച്ചെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. അന്ന് പൊലീസ് എച്ച്.ആർ.ഡി.എസിനൊപ്പമായിരുന്നു. സർക്കാർ ഭൂമി കൈയേറുന്ന കാര്യത്തിൽ സവിശേഷ കഴിവുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു രാമചന്ദ്രൻ നായർ. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ പാത്രക്കുളം നികത്തിയെടുത്ത് സ്വന്തമാക്കിയതും അദ്ദേഹത്തിന്റെ ട്രസ്റ്റാണ്. അതിലും കേസ് നിലവിലുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ഒത്തുകളി നടത്തുന്നുവെന്നാണ് ആദിവാസികളുടെ ആക്ഷേപം.

Tags:    
News Summary - Adivasi land was taken over by R. Ramachandran Nair's Trust; The HRDS secretary was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.