കൈയേറ്റം നടത്തുന്ന സ്ഥലത്തിനരുകിൽ കൃഷിസ്ഥലത്തെ ഭഗവതിയുടെ വീട്

അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നതായി ആദിവാസികളുടെ പരാതി

കോഴിക്കോട് : അട്ടപ്പാടിയിലെ നെല്ലിപ്പതിയിൽ ഭീഷണിപ്പെടുത്തി ഭൂമി കൈയേറുന്നതായി ആദിവാസികളുടെ പരാതി. അഗളി വില്ലേജിൽ നെല്ലിപ്പതിയിൽ സർവേ നമ്പർ 1285-ൽ ജുങ്ക മൂപ്പന്റെ പേരിൽ അഞ്ച് ഏക്കർ ഭൂമിയുണ്ട്. മൂപ്പൻ നേരത്തെ മരിച്ചു. ഈ ഭൂമി ആദിവാസികളല്ലാത്ത ചിലർ കൈയേറാനെത്തിയതായി ജുങ്കന്റെ മകൻ ആണ്ടിയുടെ ഭാര്യ ഭഗവതിയും മകൻ മശണനും അഗളി ഡി.വൈ.എസ്.പിക്ക് പരാതി നൽകി. 

അഞ്ച് ഏക്കർ ഭൂമിയിൽ പാരമ്പര്യമായി റാഗി, ചോളം, പയറ്, നെല്ല്, തിന മുതലായവ കൃഷി ചെയ്യുകയാണ്. സ്ഥിരവരുമാനത്തിനായി കശുമാവും, പുളിയും കൃഷി ചെയ്‌തും വീട് വെച്ച് ജീവിച്ചുവരുന്നു. ജലനിധിയുടെ വാട്ടർ കണക്ഷൻ ഉൾപ്പടെ ഉള്ളതിനാൽ ഈ ഭൂമിയിൽ തന്നെയാണ് താമസിച്ചുവന്നിരുന്നതെന്നും നെല്ലിപ്പതി ഊരിലെ ഭഗവതി മാധ്യമം ഓൺലൈനോട് പറഞ്ഞു..

ഭഗവതിയാണ് നിലവിൽ ഈ ഭൂമിയിൽ കൃഷി ചെയ്യുന്നത്. ഭർത്താവ് ആണ്ടി മരിച്ചിട്ട് മൂന്ന വർഷമായി. അച്ഛനും, ഭർത്താവും,മരിച്ചതിനാൽ ഊരിലെ വീട്ടിലാണ് ഇപ്പോൾ ഭഗവതി അന്തിയുറങ്ങുന്നത്. അതിരാവിലെ കൃഷി ഭൂമിയിലെത്തും. പിന്നീട് തൊഴിലുറപ്പ് പണിക്ക് പോകും. ഒരാഴ്‌ച മുമ്പ്, പേരറിയാത്ത കുറെയാളുകൾ വന്ന് പയറ് തുടങ്ങിയ കൃഷികൾ നശിപ്പിച്ച് അവിടെ മരങ്ങൾ കൊണ്ടുള്ള കാലുകൾ നാട്ടി, ഭൂമി കൈയേറാൻ ശ്രമം നടത്തിയതായി സ്ഥലത്തു ചെന്നപ്പോൾ മനസിലായി. അപ്പോൾ തന്നെ ആദിവാസികൾ അത് നീക്കം ചെയ്‌തു. ആ സമയം ആരുംതന്നെ അവിടെ ഇല്ലായിരുന്നു.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് കണ്ടാലറിയുന്ന പേറിയാത്ത കുറെയാളുകൾ വന്ന് അതിക്രമിച്ച് കടന്ന് കൃഷി നശിപ്പിച്ച് ഷെഡ് വെക്കാനുള്ള ശ്രമം നടത്തി. ആദിവാസികൾ എതിർത്തപ്പോൾ വാക്കത്തി ഉപയോഗിച്ച് വെട്ടാൻ വരുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഊരിലെ ആദിവാസികളായ പൊട്ടാരി, വെള്ളിങ്കിരി എന്ന രാജൻ എന്നിവരും തങ്ങൾ കൂലിക്കാരാണെന്ന് പറഞ്ഞ് അവർക്കൊപ്പം ഉണ്ടായിരുന്നു. നേരത്തെ ഭൂമിയിൽ കുടിൽ കെട്ടിയിരുന്നത് ആന പൊളിച്ചു. പിന്നീട് പല തവണ ഭൂമിയിൽ ആനകൾ നിരന്തരം വരുമായിരുന്നു. അതിനാൽ ഭൂമിയുടെ താഴ് ഭാഗത്തേക്ക് കുടിൽ  മാറ്റി വെച്ചു.

മൂപ്പന് ആറ് മക്കളാണുള്ളത്. അതിൽ ആണ്ടി മരിച്ചു. മൂന്ന്  കുടുംബങ്ങൾ നെല്ലിപ്പതി ഊരിലുണ്ട്. എല്ലാവരും തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരാണ്. അതിനാൽ ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് ഭൂമി കൈയേറിയ വിവരം അറിഞ്ഞതെന്ന് ഭഗവതി പറഞ്ഞു. . 

Tags:    
News Summary - Adivasis complain of threats and encroachment of land in Nellipathi, Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.