തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ പ്രസിഡന്‍റായി അഡ്വ. കെ. അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫറൻസ് ഹാളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുത്തു. ദേവസ്വം ബോർഡ് ആദ്യ യോഗം ഇന്ന് ചേരും.
ദേവസ്വം ബോർഡിലെ നിലവിലെ സാമ്പത്തികസ്ഥിതി ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളും പഠിച്ച് ബോർഡിന്‍റെ ഉയർച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡന്‍റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു. തന്നെ ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് അഡ്വ. മനോജ് ചരളേലും പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും ഇരുവരും അഭ്യർഥിച്ചു.
എൻ. വാസുവിന്റെ പിൻഗാമിയായാണ് അഡ്വ. കെ. അനന്തഗോപനെ പുതിയ അധ്യക്ഷനായി സി.പി.എം നിർദേശിച്ചത്. സി.പി.എം പത്തനംതിട്ട മുൻ ജില്ല സെക്രട്ടറിയായിരുന്നു. കെ.എസ്. രവിയുടെ രണ്ടു വർഷ കാലാവധി അവസാനിച്ചതോടെയാണ് മനോജ് അംഗമാകുന്നത്.
സി.പി.ഐ പത്തനംതിട്ട ജില്ല എക്സിക്യൂട്ടിവ് അംഗമായ മനോജ് പത്തനംതിട്ട വൃന്ദാവനം സ്വദേശിയാണ്. പ്രസിഡന്റും അംഗവും ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.