തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരേസമയം ആരംഭിച്ച ആനകളുടെ കണക്കെടുപ്പ് മഴയും പ്രതികൂല കാലാവസ്ഥയും കാരണം പാതിവഴിയിൽ. കേരളത്തിനു പുറമെ, തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങളും ഒടുവിൽ ആന്ധ്രപ്രദേശും സംയുക്തമായാണ് ആനകളുടെ സെന്‍സസ് നടത്തുന്നത്. മേയ് 23ന് തുടങ്ങി 25 വരെയാണ് നിശ്ചയിച്ചരുന്നത്. എന്നാൽ, ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാൽ കണക്കെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധമായ പരിശോധനകള്‍ക്ക് വിധേയമാക്കി ജൂണ്‍ 23ന് കരട് റിപ്പോര്‍ട്ട് തയാറാക്കാണ് നിർദേശമെങ്കിലും നീളാനാണ് സാധ്യത. അതേസമയം, കേരളത്തിന്റെയും തമിഴ്നാടിന്റെയും കണക്കെടുപ്പ് ഏതാണ്ട് അന്തിമഘട്ടത്തിലാണെന്ന് വനംവകുപ്പ് പറയുന്നു. കർണാടക, പുതുച്ചേരി ഇനിയും പൂർത്തിയാക്കാനുണ്ട്. അവസാനം ഉൾപ്പെട്ട ആന്ധ്രപ്രദേശ് കണക്കെടുപ്പ് തുടങ്ങാനിരിക്കുന്നതേയുള്ളൂ.
കേരളത്തിലും കർണാടകയിലും മഴ സുലഭമായി ലഭിക്കുന്നതിനാൽ തമിഴ്നാട്ടിൽ ഇപ്പോൾ ആനകളുടെ എണ്ണത്തിൽ കുറവാണ് കാണുന്നത്. അതു കാലാവസ്ഥ മാറിയതിനാൽ സംഭവിച്ച മാറ്റമെന്നാണ് വിശദീകരണം.
കൃത്യമായ കണക്ക് കിട്ടണമെങ്കിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒരേ കാലാവസ്ഥ ആകണം. കൂടാതെ, കേരളത്തിൽ കാട്ടാനകളുടെ കണക്കെടുക്കുന്ന അതേദിവസം തന്നെ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഒപ്പം ആന്ധ്രയിലും കണക്കെടുപ്പ് നടക്കണം. പക്ഷേ, അതിനാണ് ഇപ്പോൾ മഴ തടസ്സമായത്.
വന്യജീവി ആക്രമണം വ്യാപകമായതിനു പിന്നാലെയാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരുമിച്ച് കാട്ടാനകളുടെ കണക്കെടുക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.