ആധുനിക സ്ത്രീ ഭരണ സാരഥ്യ പങ്കാളിത്തത്തിെൻറ നൂറ്റാണ്ടുകൾക്ക് മുമ്പ് പെൺഭരണത്താൽ സാമ്രാജ്യത്തം പോലും വിറച്ചുനിന്ന അറക്കൽ രാജസ്വരൂപത്തിൽ ഒരിക്കൽ കൂടി പെൺതാവഴി പുരുഷനിലേക്ക് വഴിമാറുന്നു. കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറക്കൽ സ്വരൂപത്തിന്‍റെ 39ാമത്തെ സുൽത്താനയായ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീ കുഞ്ഞിബീവി തിങ്കളാഴ്ച രാവിലെ നിര്യാതയായതോടെയാണ് താവഴി പദവി പുരഷനിലേക്ക് വഴിമാറുന്നത്.
പുതിയ കിരീടാവകാശി ആദിരാജ ഹാമിദ് ഹുസൈൻ കോയമ്മ (80) ആകും. 23 വർഷത്തെ ഇടവേളക്ക് ശേഷമാണ് അറക്കൽ സ്വരൂപത്തിൽ ഒരു പുരുഷനിലേക്ക് കിരീടം ചെന്നെത്തുന്നത്. 1980 മുതൽ 98 വരെ ദീർഘകാലം പദവി വഹിച്ചിരുന്നത് സുൽത്താൻ ഹംസഅലി രാജയായിരുന്നു. പിന്നീടിങ്ങോട്ട് കഴിഞ്ഞ 23 വർഷമായി സ്ത്രീകളാണ് താവഴിയായി സ്ഥാനത്തെത്തിയത്.
മലബാറിലെ മരുമക്കത്തായ രീതിയനുസരിച്ച് പെൺതാവഴിയിലേക്ക് അധികാരം ഏൽപ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകളൂടെ കാര്യത്തിൽ ഇസ്ലാമികമായ യാതൊരു എതിർ ഫത്വയും ഇല്ലാതെയാണ് അറക്കൽ സ്വരൂപം തങ്ങളുടേതായ പെൺപെരുമ നിലനിർത്തി േപാന്നിരുന്നത്. സ്ത്രീ പദവി വാദം ഉയർന്ന കാലഘട്ടത്തിെൻറയും മുെമ്പ തന്നെ അറക്കൽ സ്വരൂപം ഇക്കാര്യത്തിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത മാതൃകയാണ് സൃഷ്ടിച്ചത്.
അറക്കല്‍ രാജാക്കന്‍മാരില്‍ മൂന്നിലൊരാള്‍ എന്ന നിലയില്‍ ബീവിമാരുടെ ഭരണം അരങ്ങേറിയിട്ടുണ്ട്. ഇസ്‌ലാമില്‍ അന്യമാണെങ്കിലും കേരളത്തിലെ മത പാരസ്പര്യത്തിെൻറ ഭാഗമായി മുസ്ലിം കുടുംബങ്ങളിൽ പടർന്നു വന്നതായിരുന്നു മരുമക്കത്തായ രീതി. ചിറക്കൽ കോവിലകവുമായി പൈതൃക ബന്ധമുള്ള അറക്കല്‍ ദായക്രമത്തിലും സ്വാഭാവികമായും അത് നിലനിന്നു.
പെണ്‍താവഴിയനുസരിച്ച് പുരുഷനും സ്ത്രീയും പരസ്പരം സിംഹാസനങ്ങളിലെത്തി. ഏതാണ്ട് പതിനേഴാം നൂറ്റാണ്ടിന്‍റെ മുക്കാല്‍ കാലംവരെയും (1777) ഭരിച്ച 19 രാജാക്കന്‍മാരും പുരുഷന്‍മാരായിരുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും അറക്കല്‍ പ്രതാപം തട്ടിയെടുക്കാന്‍ വട്ടമിട്ട് പറന്ന കാലഘട്ടത്തില്‍ ഒരു വലിയ പങ്ക് ബീവിമാരുടെ ഭരണത്തിലായിരുന്നുവെന്നത് കൗതുകരമോ, രാഷ്ട്രീയമായി അറക്കലിെൻറ ഖ്യാതിയും ദൗര്‍ബല്യവും എല്ലാമായിരുന്നു.
ബീവിമാരുടെ സ്ത്രീസഹജമായ ദൗര്‍ബല്യത്തില്‍ ചവിട്ടിയാണ് സാമ്രാജ്യത്തം പല ചതിപ്പയറ്റുകളും അടവ് നയങ്ങളും ആവിഷ്‌കരിച്ചത്. പക്ഷെ, പലപ്പോഴും പുരുഷനെക്കാള്‍ ചങ്കൂറ്റത്തോടെയായിരുന്നു ചില ബീവിമാര്‍ കോളോണിയലിസത്തെ നേരിട്ടത്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തിലും പതിനെട്ടാം നൂറ്റാണ്ടിന്‍റെ ആദ്യത്തിലുമായി ഡച്ചുകാരോടും പോര്‍ച്ചുഗീസുകാരോടുമായി ചെറുത്ത് നില്‍പ്പ് നടത്തി നീണ്ട നാല് പതിറ്റാണ്ടോളം അറക്കലിന്‍റെ ചെങ്കോലേന്തിയത് ജുനൂമ്മാബി എന്ന കിരീട നായികയാണ്.
1728ല്‍ ആണ് ആദ്യമായി ഒരു ബീവി അധികാരമേൽക്കുന്നത്. ആദ്യത്തെ അറക്കല്‍ ബീവിക്ക് (ഹറാബിച്ചി കടവൂബി ആദിരാജബീവി 1728-1732) കൊളോണിയലിസവുമായി വർഷങ്ങളോളം കലഹിക്കേണ്ടി വന്നു. ഒടുവില്‍ ഇംഗ്ലീഷുകാരുമായി ഇവർ കരാറില്‍ ഒപ്പിടുകയായിരുന്നു. സുല്‍ത്താന ഇമ്പിച്ചി ബീവി ആദിരാജക്ക് നിരന്തരമായ ചെറുത്ത് നിൽപ്പിന്‍റെയും നിയമയുദ്ധത്തിന്‍റെയും കരാര്‍ ലംഘനങ്ങളുടെയും ഒടുവില്‍ ലക്ഷദ്വീപുകള്‍ പൂര്‍ണമായും ഇംഗ്ലീഷുകാര്‍ക്ക് അടിയറവ് പറയേണ്ടി വന്നു.
1793ല്‍ കണ്ണൂര്‍കോട്ട വളഞ്ഞ് അറക്കല്‍ സൈന്യത്തെ നരനായാട്ട് നടത്തിയപ്പോള്‍ അന്നത്തെ 23ാം ഭരണാധികാരിയായ ജുനൂമ്മാബി ഏറെ പീഡനമാണ് സഹിച്ചത്. കോട്ടയില്‍ അവര്‍ തടവിലാക്കപ്പെട്ടു. പോര്‍ച്ചുഗീസുകാര്‍ അറബിക്കടലില്‍ മാപ്പിളമാരോട് ചെയ്ത ക്രൂരതകള്‍ക്കെതിരെ മൂന്ന് വര്‍ഷം തുടര്‍ച്ചയായി യുദ്ധം ചെയ്തത് ബീവിയുടെ കീഴിലായിരുന്നു. മക്കയിലേക്കുള്ള യാത്രക്കിടയില്‍ കടല്‍ യുദ്ധക്കാര്‍ ബീവിയുടെ മകനെ കൊലചെയ്തു. പോര്‍ച്ചുഗീസ് അടിമത്തത്തില്‍നിന്ന് മുസ്‌ലിംകളെ രക്ഷിക്കാന്‍ അന്ന് ബീവി സുല്‍ത്താല്‍ അലി ആദില്‍ശയോട് അപേക്ഷിച്ചു.
സുല്‍ത്താന്‍ ഇതനുസരിച്ച് ഗോവ വരെ വന്ന് പോര്‍ച്ചുഗീസുകാരെ നേരിട്ടു. കരാറുകളുടെയും നീതിപീഠങ്ങള്‍ താണ്ടിയുള്ള പോരാട്ടങ്ങളുടെയും സങ്കീര്‍ണതയായിരുന്നു ഇവരുടെ കാലം. അറക്കല്‍ ബീവിമാരില്‍ പലരും ദ്വിഭാഷാ നിപുണരായിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണാം. ചില ബീവിമാര്‍ ഹിന്ദുസ്ഥാനിയും പേര്‍ഷ്യനും പഠിച്ചവരായിരുന്നു. 1780കളിലെ കണ്ണൂര്‍ അക്രമിച്ച മേജര്‍ മക്ലിയോസിനോട് അന്നത്തെ ബീവി ദ്വിഭാഷിയുടെ സഹായമില്ലാതെ ഹിന്ദുസ്ഥാനി സംസാരിച്ചതായി ചില ഇംഗ്ലീഷ് രേഖകളിലുണ്ട്. പിൽക്കാലത്ത് അവര്‍ ഇംഗ്ലീഷിലും അവഗാഹം നേടി.
ഹറാബിച്ചി കടവൂമ്പി (1728-1732), ജനൂമ്മാബി (1732-1745), ജുനൂമ്മാബി (1777-1819), മറിയംബി (1819-1838), ആയിഷാബി (1838-1862), ഇമ്പിച്ചി ബീവി (1907-1911), ആയിഷ ബീവി (1921-1931), മറിയുമ്മ ബീവി (1946-1957), ആമിന ബീവി തങ്ങള്‍ (1957-1980), ആയിഷമുത്തു ബീവി (1998-2006) സൈനബ ആയിഷബീവി (2006-2019) എന്നിവരാണ് അറക്കല്‍ കീരിടാവകാശികളായ സ്ത്രീ രത്‌നങ്ങള്‍. 39 കിരീടാവകാശികളില്‍ 13ഉം സ്ത്രീകളായിരുന്നു.
23ാം കിരീടാവകാശി ജുനൂമ്മാബി 42 വര്‍ഷവും 25ാം കിരീടാവകാശി ആയിഷബി 24 വര്‍ഷവും 24ാം കിരീടാവകാശി മറിയംബി 19 വര്‍ഷവും അധികാരത്തിലുണ്ടായി. അതായത് പുരുഷന് തുല്യമായ നിലയില്‍ തന്നെ തങ്ങള്‍ക്ക് കിട്ടിയ അവസരം അവസാനം വരെയും അവര്‍ വിനിയോഗിച്ചു. സ്ത്രീകളെല്ലാം ചേര്‍ന്ന് ഒന്നര നൂറ്റാണ്ടിലേറെയാണ് അറക്കല്‍ സ്വരൂപത്തെ നയിച്ചത്. ഖിലാഫത്ത് പ്രസ്ഥാനം തിളച്ചുമറിഞ്ഞപ്പോഴും രാജ്യം സ്വതന്ത്ര്യത്തിലേക്ക് മുന്നേറിയ വിമോചനപ്പോരാട്ട ഘട്ടത്തിലും അറക്കല്‍ സാരഥ്യം ബീവിമാരുടെ കരങ്ങളിലായിരുന്നു. തിങ്കളാഴ്ച നിര്യാതയായ ബീവി 2019 മെയ് എട്ടിനാണ് സ്ഥാനമേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.