തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ കേസിൽ റവന്യൂവകുപ്പിനെ അവഗണിച്ച് അഭിഭാഷകനെ ചുമതലപ്പെടുത്തിയ വിഷയത്തിൽ നിലപാട് മയപ്പെടുത്താതെ അഡ്വക്കെറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്. കേസ് ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് എ.ജിയാണെന്നും സ്റ്റേറ്റ് അറ്റോർണി തങ്ങളുടെ നിയന്ത്രണത്തിലാണെന്നും എ.ജിയുടെ ഒാഫീസ് അറിയിച്ചു.
മന്ത്രിയുമായി ബന്ധപ്പെട്ട ലേക് പാലസ് കേസിലും കായല്‍ കൈയേറ്റ കേസിലും ഹാജരാകുന്നതില്‍ നിന്ന് അഡീഷണല്‍ അഡ്വക്കെറ്റ് ജനറൽ രഞ്ജിത്ത് തമ്പാന് പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹനെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കോടതിയിൽ ഹാജരായത് ഇദ്ദേഹമായിരുന്നു. ഇത് വലിയ വിമർശനത്തിന് വഴിവെച്ച സാഹചര്യത്തിൽ കേസില്‍ സര്‍ക്കാരിന് വേണ്ടി രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡ്വക്കെറ്റ് ജനറലിന് മന്ത്രി കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ തീരുമാനം മാറ്റാൻ എ.ജിയുടെ ഒാഫീസ് തയാറായിരുന്നില്ല.
കേസ് മാറ്റിക്കൊടുത്ത ചരിത്രം എ.ജിയുടെ ഒാഫിസിനില്ലെന്നും ഇത്തരം ഒരു വിവാദം ആദ്യത്തേതാണെന്നും അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് മന്ത്രിയുടെ ആവശ്യത്തെ സൂചിപ്പിച്ച് പറഞ്ഞിരുന്നു. അഭിഭാഷകനെ നിയമിച്ചതില്‍ മാറ്റമില്ലെന്നും ആര് ഹാജരാവണമെന്ന് തീരുമാനിക്കേണ്ടത് അഡ്വക്കെറ്റ് ജനറല്‍ ഓഫീസിന്‍റെ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും നേരത്തെ എ.ജി പ്രതികരിച്ചിരുന്നു.
സ്റ്റേറ്റ് അറ്റോർണിക്ക് സ്വതന്ത്ര ചുമതലയാണെന്ന വാർത്തകളോട് പ്രതികരിക്കവെ, എ.ജിക്കുള്ള അധികാരം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരം സ്റ്റേറ്റ് അേറ്റാർണി എ.ജിയുടെ കീഴിലാണെന്നും അഡ്വക്കെറ്റ് ജനറലിെൻറ ഒാഫീസ് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.