പടിഞ്ഞാറത്തറ: ലക്കിടി ഉപവൻ റിസോർട്ടിൽ മാവോവാദി നേതാവ് സി.പി. ജലീൽ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഒന്നര വർഷം പിന്നിടുമ്പോഴാണ് നാടിനെ നടുക്കി മറ്റൊരു പൊലീസ്–മാവോവാദി ഏറ്റുമുട്ടൽ. 2012 ൽ ആണ് വയനാട്ടിൽ മാവോവാദികൾ പ്രവർത്തനം തുടങ്ങുന്നത്. ബ്രഹ്മഗിരി, കുഞ്ഞോം, മക്കിമല മേഖലകളിലെ കാടുകളിലായിരുന്നു പ്രവർത്തനമേഖല. രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘം രണ്ടുവർഷം കഴിഞ്ഞാണ് പരസ്യമായി രംഗത്തിറങ്ങിത്തുടങ്ങിയത്. മാനന്തവാടി ട്രാഫിക് യൂനിറ്റില്‍ ജോലി ചെയ്തിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദിെൻറ വീട്ടിൽ 2014 ഏപ്രില്‍ 24ന് അര്‍ധരാത്രിയെത്തിയ മാവോവാദികള്‍ ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്തു. ഇപ്പോൾ അറസ്റ്റിലുള്ള മാവോവാദി നേതാവ് രൂപേഷിെൻറ നേതൃത്വത്തിലായിരുന്നു പേര്യ റേഞ്ചിലെ വനത്തോട് ചേര്‍ന്ന് മട്ടിലയത്തുള്ള പ്രമോദിെൻറ വീട്ടിലെത്തിയത്.
അതേ വർഷം നവംബർ 18ന് തിരുനെല്ലി അഗ്രഹാരം റിസോർട്ട് ആക്രമിച്ചു. ഡിസംബർ ഏഴിന് ചാപ്പ കോളനിക്ക് സമീപം കാട്ടിനുള്ളിൽ പൊലീസുമായി വെടിവെപ്പ് നടത്തിയതാണ് ആദ്യ ഏറ്റുമുട്ടൽ. ചാപ്പ കോളനിയോട് ചേർന്ന സ്ഥലത്ത് മാവോവാദികളും തണ്ടര്‍ബോള്‍ട്ട്–പൊലീസ് സംഘങ്ങളും ഏറ്റുമുട്ടിയെന്നായിരുന്നു റിപ്പോർട്ട്. തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം മാവോവാദികൽ രക്ഷപ്പെട്ടെങ്കിലും ഈ സംഭവം വിവാദത്തിലായി. ഏറ്റുമുട്ടലുണ്ടായെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, ഒരു വെടിയൊച്ച മാത്രമാണ് കേട്ടതെന്ന് കോളനിവാസികളില്‍ ചിലര്‍ പറഞ്ഞു.
ഡിസംബർ 22ന് കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷൻ ആക്രമിച്ച് തീയിട്ടു. 2015 ജനുവരി 25ന് തിരുനെല്ലി കെ.ടി.ഡി.സി റിസോർട്ട് അടിച്ച് തകർത്തു. 2017ൽ നിലമ്പൂർ കരുളായി വനത്തിൽ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതോടെയാണ് മാവോവാദികളുടെ പ്രവർത്തനമേഖല വൈത്തിരി, മേപ്പാടി, താമരശ്ശേരി, കോടഞ്ചേരി മേഖലകൾ ഉൾപ്പെടുന്ന നാടുകാണി ദളത്തിലേക്ക് മാറിയത്. ഈ മേഖലകളിൽ കോളനികളിലും വീടുകളിലും അടുത്തിടെ ഇവരുടെ നിരന്തര സാന്നിധ്യം ഉണ്ടായിരുന്നതായി വെളിപ്പെട്ടിരുന്നു. 2018ല്‍ നിരവധിയിടങ്ങളില്‍ പകല്‍സമയങ്ങളില്‍ പോലും മാവോവാദികള്‍ എത്തി ലഘുലേഖ വിതരണം ചെയ്തു.
ഇടക്കിടെ വയനാട് പ്രസ്‌ക്ലബില്‍ ന്യൂസ് ബുള്ളറ്റിനുകളും നോട്ടീസുകളുമെത്തിച്ചു. മേപ്പാടിയിൽ റിസോർട്ടിലെത്തി ജീവനക്കാരെ ബന്ദികളാക്കി. പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പ്രവേശന കവാടത്തിൽ രാത്രിയെത്തിയ സംഘം കളിബോംബ് അടക്കം സ്ഥാപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കി. കഴിഞ്ഞ ഡിസംബര്‍ 15ന് തലപ്പുഴയില്‍ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ തലപ്പുഴ പൊലീസ് സ്‌റ്റേഷന് സമീപത്തെ നാൽപത്തിനാല് എന്ന സ്ഥലത്ത് നടത്തിയ പ്രകടനം പൊലീസിനെ ഞെട്ടിച്ചു.
വയനാട് പേര്യയിലും അമ്പായത്തോട്ടിലും സമാനരീതിയില്‍ മാവോവാദികളെത്തി പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് പടിഞ്ഞാറത്തറ സ്‌റ്റേഷന് പരിധിയിലെ കാപ്പിക്കളം, വാളാരംകുന്ന്, വൈത്തിരി സ്‌റ്റേഷന്‍ പരിധിയിലെ സുഗന്ധഗിരി, ലക്കിടി, മേപ്പാടി സ്‌റ്റേഷന് പരിധികളിലെല്ലാം മാവോവാദികളെത്തി. ഇടവേളകളിൽ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞവർഷം മാർച്ച് ആറിനായിരുന്നു ലക്കിടി റിസോർട്ടിലെത്തിയ സി.പി. ജലീൽ വെടിവെപ്പിൽ കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.