തൃശൂർ: നിരത്തിലെ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും പിടികൂടാൻ സ്ഥാപിച്ച എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കാമറയിൽ വലിയ വാഹനങ്ങളുടെ നിയമലംഘനങ്ങൾ പകർത്തുന്നില്ല. ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, രണ്ടിൽ കൂടുതലാളുകളുടെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ മാത്രമാണ് എ.ഐ കാമറകൾ പകർത്തുന്നതെന്നും വലിയ വാഹനങ്ങളുടെ നിയമലംഘനങ്ങൾ ഇപ്പോൾ പകർത്തുന്നില്ലെന്നുമാണ് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷിന് കെൽട്രോൺ രേഖാമൂലം നൽകിയ മറുപടി.
ദേശീയപാതയിൽ അമിതഭാരവുമായുള്ള ടോറസ് വാഹനങ്ങളുടെ മരണപ്പാച്ചിൽ സംബന്ധിച്ച കണക്കെടുത്തപ്പോൾ പ്രതിദിനം 443 വാഹനങ്ങളാണ് നിയമലംഘനം നടത്തുന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ കണക്കനുസരിച്ചു മാത്രം പ്രതിദിന പിഴയായി ലഭിക്കേണ്ട കോടികളാണ് നിയമലംഘനങ്ങൾ പകർത്താത്തതിലൂടെ നഷ്ടമാകുന്നതെന്നാണ് വിലയിരുത്തൽ. സ്പെഷൽ ബ്രാഞ്ച് നൽകിയ വിവരാവകാശ മറുപടിയിലൂടെ 20,000 രൂപ പിഴ ലഭിക്കാവുന്ന കുറ്റകൃത്യത്തിന് ചെറിയ തുക പിഴ ഈടാക്കി വിട്ടയക്കുന്നതായും പൊലീസുകാരിൽ ഇത്തരം പ്രവണതകൾ കണ്ടെത്തിയതായും മറുപടിയിൽ വ്യക്തമാക്കുന്നു.
നിയമലംഘനം നടത്തിയ ടോറസ് ലോറികളെ പിടികൂടാൻ ഇറങ്ങിയ പാലക്കാട് എൻഫോഴ്സ്മെന്റ് വകുപ്പിന് മാഫിയ ആക്രമണം നേരിടേണ്ടി വന്നതായും സ്പെഷൽ ബ്രാഞ്ച് നൽകിയ മറുപടിയിലുണ്ട്. എ.ഐ കാമറകളുടെ സജ്ജീകരണ സംവിധാനങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ടവർ അവകാശപ്പെട്ടിരുന്നത് ഇത്തരം വാഹനങ്ങൾ നിഷ്പ്രയാസം പിടികൂടാമെന്നാണ്. അപകടങ്ങളിൽപ്പെടുന്ന യാത്രക്കാർ നഷ്ടപരിഹാരത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികൾക്കും സുപ്രധാന തെളിവാകുന്നതാണ് കാമറ ദൃശ്യങ്ങൾ.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിന്റെ വാഹന പരിശോധന കുറക്കാൻ 232 കോടി ചെലവിൽ 726 എ.ഐ കാമറകൾ സ്ഥാപിക്കുന്നതു വഴി സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഉദ്യോഗസ്ഥർ അവകാശപ്പെട്ടിരുന്നതുപോലെയല്ല എ.ഐ കാമറ പ്രവർത്തിക്കുന്നതെന്നാണ് മറുപടിയിലൂടെ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.