തിരുവനന്തപുരം: എ.ഐ കാമറ പ്രവർത്തിച്ചു തുടങ്ങിയശേഷം വാഹനാപകടങ്ങൾ കുറഞ്ഞതായി ഗതാഗത മന്ത്രി ആന്റണി രാജു. 2022 ജൂണിൽ 3714 അപകടങ്ങളാണ് സംസ്ഥാനത്തുണ്ടായതെങ്കിൽ എ.ഐ കാമറ പ്രവർത്തിച്ചു തുടങ്ങിയ 2023 ജൂണിൽ 1278 ആയി കുറഞ്ഞു. അപകട മരണങ്ങളിലും കുറവുണ്ട്. 2022 ജൂണിൽ 344 ആയിരുന്നത് ഈ ജൂണിൽ 140 ആണ്.
പരിക്കേൽക്കുന്നവരുടെ എണ്ണം കഴിഞ്ഞ ജൂണിലെ 4172 നെ അപേക്ഷിച്ച് ഈ ജൂണിൽ 1468 ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധയിടങ്ങളിൽ റോഡ് വീതി കൂട്ടിയതിനെ തുടർന്ന് 16 സ്ഥലങ്ങളിലെ എ.ഐ കാമറ മാറ്റേണ്ടി വന്നിട്ടുണ്ട്. ഇവ ജൂലൈ 31നുള്ളിൽ പുതിയ സ്ഥലം കണ്ടെത്തി സ്ഥാപിക്കും. എ.ഐ കാമറകൾ സംബന്ധിച്ച സമഗ്ര കരാറിന്റെ ജോലി ജൂലൈയിൽ പൂർത്തിയാകും. ജൂലൈ 12ന് കെൽട്രോൺ കരട് കരാർ ഗതാഗത വകുപ്പിന് കൈമാറും.
നോ പാർക്കിങ് ഏരിയയിലെ വാഹനം പാർക്ക് ചെയ്താൽ ഇനി പിഴ. കാമറ സംവിധാനം സജ്ജമായിരുന്നെങ്കിലും ഏതെല്ലാം മേഖലകളാണ് നോ പാർക്കിങ് ഏരിയയെന്ന് നിർണയിക്കാത്തിനാൽ കാമറയിൽ പിഴ ചുമത്തിയിരുന്നില്ല.
നോ പാർക്കിങ് ഏരിയ നിശ്ചയിക്കുന്നതിന് ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ടി.പി, മോട്ടോർ വാഹനവകുപ്പ് എന്നിവയുടെ യോഗം ബുധനാഴ്ച ചേരും. ഇതോടൊപ്പം സംസ്ഥാനത്ത് വേഗപരിധി പുതുക്കിയ സാഹചര്യത്തിൽ വേഗസൂചന ബോർഡുകൾ പരിഷ്കരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടും.
കാമറകൾ വഴി പിടികൂടുന്ന കുറ്റങ്ങളിൽ പരാതിയുണ്ടെങ്കിൽ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം ആഗസ്റ്റ് അഞ്ചിന് പ്രാബല്യത്തിൽ വരും. ഇതിന് മൊബൈൽ ആപ് സജ്ജമാക്കും. പിഴചുമത്തലുകളുടെ സൂക്ഷ്മതയും കൃത്യതയും ഉറപ്പുവരുത്തുന്നതിന് എല്ലാ ജില്ലയിലും മോണിറ്ററിങ് സമിതികളും ആരംഭിക്കും.
തിരുവനന്തപുരം: കെ.എസ്.ഇ.ബി, ജല അതോറിറ്റി, ഫയർഫോഴ്സ് എന്നിവയുടെ വാഹനങ്ങളെല്ലാം അടിയന്തര സർവിസായി പരിഗണിക്കണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെ.എസ്.ഇ.ബിക്ക് വാഹനത്തിന് പിഴയിട്ടതും തിരിച്ച് മോട്ടോർ വാഹനവകുപ്പിന്റെ ഫീസ് ഊരിയതുമായ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മോട്ടോർ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതികളുണ്ടായാൽ ഗതാഗത കമീഷനർ പ്രത്യേകമായി പരിശോധിക്കണം. ബിൽ അടച്ചില്ലെങ്കിൽ കെ.എസ്.ഇ.ബിക്ക് ഫീസ് ഊരാൻ അവകാശമുണ്ട്. മന്ത്രിമാരുടെ വാഹനങ്ങളിലും മറ്റ് വി.ഐ.പി വാഹനങ്ങളിലും മുന്നിലിരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കണം. പൊലീസ് വാഹനങ്ങളും നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.