കോഴിക്കോട്: ആട്ടിഫിഷൽ ഇന്റലിജൻസ് (എ.ഐ), ഡീപ് ഫേക്ക് സാങ്കേതിക വിദ്യകളുപയോഗിച്ച് ഓൺലൈനായി പണം തട്ടിയ കേസിൽ കാണാമറയത്തുള്ള പ്രതിയെ കുറിച്ച് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. മുഖ്യ ആസൂത്രകനും വിവിധ സംസ്ഥാനങ്ങളിലായി ഓൺലൈൻ തട്ടിപ്പുകൾ തുടരുകയും ചെയ്യുന്ന പ്രതിയെക്കുറിച്ചാണ് കേസിൽ അറസ്റ്റിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷായിൽ നിന്ന് വിവരങ്ങൾ ലഭിച്ചത്.
ഇയാളുടെ പേര് പർവീൻ എന്നാണോ അതോ പ്രശാന്ത് എന്നാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. പർവീൻ എന്നയാളാണ് തട്ടിപ്പിന് നേതൃത്വം നൽകിയതെന്നാണ് കേസിൽ നേരത്തേ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കർവേ, അമ്രിഷ് അശോക് പട്ടീൽ എന്നിവരുടെ മൊഴി.
എന്നാൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത സൈബർ കേസിൽ അറസ്റ്റിലായി ഡൽഹിയിലെ രോഹിണി ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗുജറാത്ത് മെഹസേന സ്വദേശി കൗശൽ ഷാ പറയുന്നത് പ്രശാന്ത് എന്ന പേരാണ്. മൂന്ന് പ്രതികളും പറയുന്ന വ്യക്തി ഒരാൾ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിയെ തിരിച്ചറിയാനായി സൈബർ ക്രൈം പൊലീസിലെ ഒരു സംഘം ഉടൻ ഗോവയിലേക്ക് അന്വേഷണത്തിനായി പോകുമെന്നാണ് വിവരം.
ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിൽനിന്ന് മുഖ്യ ആസൂത്രകനായ യുവാവിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ദിനേശ് കോറോത്ത്, സ്പെഷൽ സ്ക്വാഡ് എസ്.ഐ ഒ. മോഹൻദാസ്, സൈബർ സ്റ്റേഷനിലെ സി.പി.ഒ ബീരജ് എന്നിവരടങ്ങുന്ന സംഘമാണ് കോടതി അനുമതി വാങ്ങി കൗശൽ ഷായെ ചോദ്യം ചെയ്തത്.
നേരത്തെ അറസ്റ്റിലായ പ്രതികളിൽനിന്നുള്ള വിവരത്തിന്റെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രത്യേകം ചോദ്യാവലി അന്വേഷണസംഘം തയാറാക്കിയിരുന്നു. മറ്റുപ്രതികൾ നൽകിയ മൊഴിക്ക് പലപ്പോഴും വിരുദ്ധമായ മറുപടികളാണ് കൗശൽ ഷായിൽ നിന്ന് ലഭിച്ചത്.
കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് ജൂലൈയിൽ സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്. നഷ്ടമായ തുക പരാതിക്കാരന് പൊലീസ് ഇതിനകം വീണ്ടെടുത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.