എയ്ഡ്സ് രോഗികള്‍ക്കുള്ള പെന്‍ഷന്‍ നിലച്ചു

കല്‍പറ്റ: തുച്ഛമായതെങ്കിലും എയ്ഡ്സ് രോഗികള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന പെന്‍ഷന്‍ നിലച്ചത് ബുദ്ധിമുട്ടായി. എയ്ഡ്സ് ദിനാചരണത്തിന്‍െറ പേരില്‍ ഇഷ്ടം പോലെ പണം ചെലവഴിക്കുമ്പോഴാണിത്. 2013-14 കാലയളവില്‍ 400 രൂപ പെന്‍ഷനും 120 രൂപ യാത്രാ ബത്തയും സഹിതം 520 രൂപയായിരുന്നു ഒരു രോഗിക്ക് ലഭിച്ചിരുന്നത്.

2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 1000 രൂപയായി വര്‍ധിപ്പിച്ചിരുന്നെങ്കിലും ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിട്ടില്ല.  എല്ലാ വര്‍ഷത്തെയും പോലെ പുതിയ സര്‍ക്കാറിന്‍െറ ബജറ്റിലും രണ്ടു കോടി പെന്‍ഷന്‍ ഇനത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍, ആരോഗ്യവകുപ്പിലെ ബജറ്റ് സോഫ്റ്റ്വെയറില്‍ ഈ ഇനം കാണുന്നില്ളെന്ന് പറഞ്ഞ് അനുവദിച്ച പണം ധനകാര്യ വകുപ്പിലേക്ക് തിരിച്ചയക്കുകയായിരുന്നുവത്രെ. അതോടെ 2015 മുതല്‍ പൂര്‍ണമായി പെന്‍ഷന്‍ നിലക്കുകയായിരുന്നു. എന്നാല്‍, 2015ല്‍ പെന്‍ഷന്‍ തുക 1000 രൂപയായി വര്‍ധിപ്പിച്ചെങ്കിലും ബജറ്റില്‍ വര്‍ധന വരുത്താത്തത് പെന്‍ഷന്‍ വിതരണം തടസ്സപ്പെടുത്തുന്നതായി എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ പറയുന്നു.

2017 മാര്‍ച്ച് വരെയുള്ള പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാന്‍ എട്ടുകോടി രൂപ ആവശ്യമാണ്. ആരോഗ്യമന്ത്രാലയത്തില്‍നിന്ന് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി  വഴിയാണ് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ വിതരണം ലഭ്യമാവുന്നത്.

നാല്‍പത് ശതമാനത്തോളം രോഗികള്‍ രക്തം സ്വീകരിച്ചത് വഴിയും പ്രസവത്തിലൂടെ മാതാവില്‍നിന്നും എച്ച്.ഐ.വി ബാധിച്ചവരാണ്. മറ്റുള്ളവരുടെ തെറ്റിന്‍െറ ഇരയാവേണ്ടിവന്ന ഇത്തരക്കാര്‍ സാമ്പത്തികമായി മോശം സാഹചര്യത്തിലുള്ളവരുമാണ്. സമ്പന്നര്‍ വിദേശങ്ങളിലും കേരളത്തിന് പുറത്തും വന്‍കിട ആശുപത്രികളില്‍ ചികിത്സതേടുകയാണ് ചെയ്യുന്നത്. എന്നാല്‍, രോഗം ബാധിക്കുന്നതോടെ ജോലിക്കും മറ്റും പോകാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്ക് പെന്‍ഷന്‍തന്നെയാണ് ആശ്വാസം.

ഒരു എയ്ഡ്സ് രോഗിക്ക് ചികിത്സക്ക്  മാസം 5000 രൂപ മുതല്‍ 10000 രൂപവരെ ചെലവുവരും. മെഡിക്കല്‍ കോളജുകളില്‍നിന്ന് സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നുണ്ടെങ്കിലും കൃത്യമായി ലഭിക്കുന്നില്ളെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. രണ്ടും മൂന്നും ദിവസത്തേക്ക് മാത്രം നല്‍കുന്നതുമൂലം രോഗികള്‍ പലതവണ മരുന്നിനായി യാത്രചെയ്യേണ്ടിവരുന്നു. പൊതുവെ ക്ഷീണിതരായ രോഗികള്‍ക്ക് ഇരട്ടി ദുരിതമാണിത്. 

മെഡിക്കല്‍ കോളജുകള്‍, ജനറല്‍ ആശുപത്രികളില്‍ എന്നിവയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടികളിലും ജില്ല ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ലിങ്ക് എ.ആര്‍.ടികളിലും രോഗികള്‍ക്ക് പോഷകഭക്ഷണം കൊടുക്കാന്‍പോലും സാധിക്കാത്തവിധം സാമ്പത്തിക പരാധീനതയാണുള്ളത്.

അതേപോലെ എ.ആര്‍.ടികളില്‍ ആറുമാസത്തിലൊരിക്കല്‍ രോഗി സി.ഡി.ഫോര്‍ ടെസ്റ്റിന് വിധേയമാവേണ്ടതുണ്ട്. മെഡിക്കല്‍ കോളജില്‍ ഇതിന്‍െറ മെഷീന്‍ കേടാവുന്നതും മരുന്ന് കിറ്റ് ക്ഷാമവും മൂലം പുറത്തുനിന്ന് വന്‍ തുക നല്‍കി ടെസ്റ്റ് ചെയ്യേണ്ടിവരുന്നതും പല രോഗികള്‍ക്കും താങ്ങാനാവുന്നില്ല.

എയ്ഡ്സ് രോഗികള്‍ക്ക് കൃത്യമായ പരിചരണവും സഹായവും നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കുമ്പോഴും സര്‍ക്കാര്‍തലത്തില്‍ സഹകരണമൊന്നുമുണ്ടാകുന്നില്ളെന്ന് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ പറയുന്നു.

എയ്ഡ്സ് ദിനാചരണം കൊഴുപ്പിക്കുന്നതിലുപരി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്.

 

Tags:    
News Summary - aidspatients pension is stoped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.