തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്ത്വത്തിൽ അനുമതി ലഭിച്ച സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. എയിംസ് സ്ഥാപിക്കാൻ കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാൻ അനുമതി നൽകി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) ഉടമസ്ഥതയിലുള്ള 153.46 ഏക്കർ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്. കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ കേന്ദ്രം അനുകൂല നിലപാട് പ്രകടമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറും നടപടികൾ വേഗത്തിലാക്കിയത്.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നൽകുക. 142.67 ഏക്കർ ഭൂമിയുടെ സ്കെച്ചും മഹസർ റിപ്പോർട്ടും അടക്കം റവന്യൂവകുപ്പ് തയാറാക്കി. കെ.എസ്.ഐ.ഡി.സിയിൽനിന്ന് ഭൂമി ഏറ്റെടുത്ത് വറന്യൂവകുപ്പാകും ആരോഗ്യവകുപ്പിന് കൈമാറുക. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിലാണ് കെ. മുരളീധരൻ എം.പി കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതിനാണ് കേരളത്തിൽ തത്ത്വത്തിൽ എയിംസ് സ്ഥാപിക്കാൻ അനുമതിയായതായി കേന്ദ്രം രേഖാമൂലം മറുപടി അറിയിച്ചത്.
കിനാലൂരിനൊപ്പം തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളജ്, കളമശ്ശേരി എച്ച്.എം.ടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയിൽ സംസ്ഥാനം ഉൾപ്പെടുത്തിയിരുന്നു. കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 153 ഏക്കറിന് പുറമെ 100 ഏക്കർ കൂടി ഏറ്റെടുത്ത് നൽകാമെന്നാണ് കേരളത്തിന്റെ ശിപാർശ. അതാണിപ്പോൾ ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.