മണ്ണഞ്ചേരി (ആലപ്പുഴ): പരീക്ഷണപ്പറക്കലിനിടെ യന്ത്രത്തകരാറിനെ തുടർന്ന് നാവികസേനയുടെ ഹെലികോപ്ടർ അടിയന്തരമായി പാടത്ത് ഇറക്കി. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും അപകടമില്ലാതെ രക്ഷപ്പെട്ടു. സതേൺ നേവൽ കമാൻഡിെൻറ ഐ.എൻ 413 ചേതക് ഹെലികോപ്ടറാണ് മുഹമ്മ കാവുങ്കലിന് കിഴക്കുവശം വടക്കേ പെരുന്തുരുത്ത് കരി പാടശേഖരത്ത് ഇറക്കിയത്. തകരാർ പരിഹരിച്ച് മൂന്നുമണിക്കൂറിന് ശേഷമാണ് ഹെലികോപ്ടർ കൊണ്ടുപോയത്.
മുംബൈയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്ന ഹെലികോപ്ടർ പരീക്ഷണപ്പറക്കലിനായി ശനിയാഴ്ച രാവിലെ 9.30ഓടെയാണ് നേവൽ എയർ സ്‌റ്റേഷനായ കൊച്ചി ഐ.എൻ.എസ് ഗരുഡയിൽനിന്ന് പുറപ്പെട്ടത്. ലഫ്റ്റനൻറ് ബൽവിന്ദർ, മലയാളിയായ ലഫ്റ്റനൻറ് കിരൺ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. പുറപ്പെട്ട് ഒന്നേകാൽ മണിക്കൂറിന് ശേഷം എൻജിനിൽ ഓയിൽ പ്രഷർ കുറവാണെന്ന സിഗ്നൽ കാണിക്കുകയായിരുന്നു. തുടർന്നാണ് 11.30ഓടെ ഹെലികോപ്ടർ മുഹമ്മയിലെ കരിയിൽ പാടത്ത് ഇറക്കിയത്.
നേവൽ കമാൻഡിൽ വിവരം അറിയിച്ചതനുസരിച്ച് രണ്ട് ഹെലികോപ്ടറുകളിലായി ആറംഗ സംഘം സ്ഥലത്തെത്തി. മുന്നറിയിപ്പ് സംവിധാനത്തിലുണ്ടായത് സാങ്കേതിക തകരാറാണെന്ന് പരിശോധനയിൽ വ്യക്തമായി. ഇത് പരിഹരിച്ച ശേഷം ഉച്ചക്ക് 2.45ഓടെ ഹെലികോപ്ടർ തിരികെ കൊണ്ടുപോയി. ഹെലികോപ്ടർ നിലത്തിറക്കിയതറിഞ്ഞ് മുഹമ്മ, മണ്ണഞ്ചേരി പൊലീസ് സ്ഥലത്തെത്തിയിരുന്നു. നൂറുകണക്കിനാളുകളും തടിച്ചുകൂടി. ഹെലികോപ്ടർ കാണാനെത്തിയവരിൽ പലരും സെൽഫിയുമെടുത്താണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.