ഐഷ സുൽത്താന

ആയിഷ സുൽത്താനയെ മൂന്ന്​ മണിക്കൂർ ചോദ്യം ചെയ്​തു; നാല് ദിവസംകൂടി ലക്ഷദ്വീപിൽ തുടരണമെന്ന് പൊലീസ്

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമപ്രവർത്തക ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് മൂന്ന്​ മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. വൈകീട്ട്​ നാലിന്​ കവരത്തിയിലെ പൊലീസ് ആസ്ഥാനത്ത് ഹാജരായ ആയിഷയുടെ ചോദ്യം ചെയ്യൽ ഏഴ്​ വരെ നീണ്ടു. കേസിൽ അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടില്ല. വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നുമാണ് അറിയിച്ചത്. ഇതിന്​ നാല് ദിവസംകൂടി ലക്ഷദ്വീപിൽ തുടരണമെന്ന് ആയിഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കവരത്തി സീനിയർ പൊലീസ് സൂപ്രണ്ട് ഓഫിസിൽ ഞായറാഴ്ച വൈകീട്ട്​ നാലരക്ക് മുമ്പ് ഹാജരാകാനായിരുന്നു ആയിഷയോട് ആവശ്യപ്പെട്ടത്. നാലുമണിയോടെ സഹോദരൻ അൻസാർ, ലക്ഷദ്വീപിലെ അഭിഭാഷകൻ സലീം എന്നിവരോടൊപ്പം ഓഫിസിലെത്തി. ഇതോടെയാണ് എസ്.എസ്.പി ശരത് കുമാർ സിൻഹയടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം െചയ്യൽ ആരംഭിച്ചത്.

അറസ്​റ്റുണ്ടാകില്ലെന്ന സൂചനയാണ് ലഭിച്ചതെന്നും രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ആയിഷ സുൽത്താന ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. നാല് പേരടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്തത്. അറസ്​റ്റ്​ പ്രതീക്ഷിച്ചാണ് പോയത്. എന്തുകൊണ്ടാണ് ബയോ വെപൺ എന്ന വാക്ക് ഉപയോഗിച്ചത്, അത് പറയാനുണ്ടായ സാഹചര്യമെന്തായിരുന്നു, കേന്ദ്രത്തെയാണോ അഡ്മിനിസ്ട്രേറ്ററെയാണോ ബയോവെപൺ എന്ന് ഉദ്ദേശിച്ചത് എന്നീ ചോദ്യങ്ങൾ ആവർത്തിച്ച് ചോദിച്ചതായും അവർ പറഞ്ഞു.

ബയോവെപൺ എന്നുപറഞ്ഞത് പ്രതീകാത്മകമാണെന്നും അഡ്മിനിസ്ട്രേറ്ററെയാണ് ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണം ആയിഷ പൊലീസിനോടും ആവർത്തിച്ചു. രാജ്യത്തെയല്ല ഉദ്ദേശിച്ചത്, സാഹചര്യത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ വിമർശനമായിരുന്നു അതെന്നും ആയിഷ പറഞ്ഞു.

ഈ മാസം ഏഴിന് മീഡിയവൺ ചാനലിൽ നടന്ന ചർച്ചയിലെ ബയോവെപൺ(ജൈവായുധം) പരാമർശത്തിെൻറ പേരിൽ ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡൻറ് സി. അബ്​ദുൽ ഖാദർ ഹാജിയുടെ പരാതിയിലാണ്​ കവരത്തി പൊലീസ് കേെസടുത്തത്. മുൻകൂർ ജാമ്യം തേടിയ ആയിഷയോട് ഹൈകോടതിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചത്​. അറസ്​റ്റ്​ രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഹൈകോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. കവരത്തി പൊലീസ് മുമ്പാകെ ഹാജരാകണമെന്നായിരുന്നു ആദ്യം ആയിഷയെ അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് അത് സീനിയർ സൂപ്രണ്ട് ഓഫിസിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - Aisha Sultana interrogated for three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.