തിരുവനന്തപുരം: കേരളത്തിലെ ബഹുഭൂരിപക്ഷം കോളജുകളും അടക്കിവാഴുന്നത് കാളസർപ്പത്തെക്കാൾ വിഷമുള്ള ജാതി-മതസംഘടനകളാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. ട്രിവാൻഡ്രം ക്ലബിലെ പി. സുബ്രഹ്മണ്യം ഹാളിൽ എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1959ൽ താൻ മഹാരാജാസ് കോളജിൽ എത്തുമ്പോൾ ആരും ജാതിയും മതവും ചോദിച്ചിരുന്നില്ല. ലോകത്ത് പരിവർത്തനത്തിന് വിത്ത് പാകുന്നത് സർവകലാശാലകളാണ്. എന്നാൽ, നമ്മുടെ സർവകലാശാലകൾ ഉൽപാദിപ്പിക്കുന്നത് ജാതി-മത വിദ്വേഷമാണ്. കലാലയങ്ങൾ രാഷ്ട്രീയ കക്ഷികൾ കുത്തകയാക്കിയപ്പോഴാണ് തലസ്ഥാന നഗരി കലാപകേന്ദ്രമായി മാറിയത്. പൊലീസ് വിചാരിച്ചാലും കേന്ദ്രസേന വന്നാലും സമാധാനം ഉണ്ടാക്കാനാവില്ല. പാർട്ടികൾ അണികളോട് അക്രമം അവസാനിപ്പിക്കാൻ ആവശ്യപ്പെടണം. അക്രമം നടത്തുന്ന ഇരുകക്ഷിയുടെയും നേതാക്കൾ അക്രമം നടത്തില്ലെന്ന് തീരുമാനിക്കുകയും വേണം. പ്രവർത്തിച്ച മണ്ഡലങ്ങളിലെല്ലാം കാൽപ്പാടുകൾ പതിപ്പിച്ച അസാധാരണ മനുഷ്യനാണ് എൻ. രാമചന്ദ്രൻ. ഗുരുനാഥനായ എ.കെ. സാനുവിനാണ് അവാർഡ് നൽകുന്നതെന്നും ആൻറണി പറഞ്ഞു. 50,000 രൂപയും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ഫലകവും അടങ്ങുന്ന അവാർഡ് പ്രഫ. എം.കെ. സാനു ഏറ്റുവാങ്ങി.
ബി.ആർ.പി. ഭാസ്കർ അധ്യക്ഷതവഹിച്ചു. ഡോ. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി. കവി പ്രഭാവർമ പ്രശസ്തി പത്രം സമർപ്പിച്ചു. പി.പി. ജയിംസ്, ദീപു രവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.