തിരുവനന്തപുരം: സി.പി.എം കെട്ടുകഥകളായിരുന്നു സോളാർ പീഡന കേസ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ഉമ്മൻചാണ്ടി ജീവിതത്തിൽ അഗ്നിശുദ്ധി വരുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയെ കുറിച്ച് ഉയർന്നതെല്ലാം കെട്ടുകഥകളാണെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴത് സത്യമായിരിക്കുന്നു. ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ ഒരു അഗ്നിശുദ്ധി വരുത്തണമെന്ന നിയോഗമുണ്ടായിരുന്നു.
ഉമ്മൻചാണ്ടി അഗ്നിശുദ്ധി വരുത്തി പത്തരമാറ്റുള്ള രാഷ്ട്രീയ പ്രവർത്തകനാണെന്ന് തെളിയിച്ചെന്നും ആന്‍റണി മാധ്യമങ്ങളോട് വ്യക്തമാക്കി.
സോളാർ പീഡന കേസില്‍ തെളിവില്ലെന്ന് കാണിച്ചാണ് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സി.ബി.ഐ ക്ലീൻ ചീറ്റ് നൽകിയത്. ഇതു സംബന്ധിച്ച റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സി.ബി.ഐ കുറ്റമുക്തരാക്കി.
ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്ന് സി.ബി.ഐ കണ്ടെത്തിയത്. പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിലുണ്ടായിരുന്നില്ലെന്ന് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വെച്ച് അബ്ദുല്ലക്കുട്ടി പീഡിപിച്ചെന്നായിരുന്നു മറ്റൊരു ആരോപണം. സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസണിത്. എന്നാല്‍, ഈ ആരോപണത്തിലും തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
ഉമ്മൻ ചാണ്ടിയെ കൂടാതെ, എ.പി അബ്ദുല്ലക്കുട്ടി, കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി. അനിൽകുമാർ, കെ.സി. വേണുഗോപാല്‍ എന്നിവർക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.