പാലക്കാട്: തരൂരിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അസംബന്ധമാണ് പറയുന്നതെന്നും മന്ത്രി എ.കെ ബാലൻ. 'എൻെറയും കുടുംബത്തിൻെറയും ചരിത്രം നിങ്ങൾക്ക് കൃത്യമായി അറിയാം, മണ്ഡലത്തിൽ ഓരോ തെരഞ്ഞെടുപ്പിലും എൻെറ ഭൂരിപക്ഷം വർധിച്ചിട്ടേയുള്ളൂ' -എന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിയുടെ ഭാര്യ സ്ഥാനാർഥിയാകുമെന്ന വാർത്തയെക്കുറിച്ചും പാലക്കാട് പ്രത്യക്ഷപ്പെട്ട പ്രതിഷേധ പോസ്റ്ററുകളെക്കുറിച്ചും ചോദിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥനാർഥി നിർണയത്തിൻെറ ജനാധിപത്യ പ്രക്രിയ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിൻെറ അന്തിമ രൂപം പി.ബിയുടെ അംഗീകാരത്തോടു കൂടി 10ന് പ്രഖ്യാപിക്കും. അതുവരെ നിർദേശങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത്. ഈ പ്രക്രിയക്കിടയിൽ ചില സ്ഥാനാർഥികൾ വരും, ചില സ്ഥാനാർഥികൾ പോകും. പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല ജനകീയ അംഗീകാരമുള്ള, യു.ഡി.എഫ് ഞെട്ടുന്ന സ്ഥനാർഥികളെയായിരിക്കും അവതരിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ ബാലനെതിരെ ഞയാറാഴ്ച രാവിലെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എ.കെ ബാലൻെറ ഭാര്യ പി.കെ ജമീലയെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധമായാണ് സംഭവം നിരീക്ഷിക്കപ്പെടുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിലടക്കം മന്ത്രിയുടെ ഭാര്യയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ വിമർശനമുയർന്നിരുന്നു. പക്ഷേ, കഴിഞ്ഞ ദിവസം സംസ്ഥാന കമ്മിറ്റിയുടെ പട്ടിക പുറത്തുവന്നപ്പോൾ തരൂരിൽ ജമീല ഇടം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കുക തന്നെ ചെയ്യും തുടങ്ങിയ വരികളോടെയായിരുന്നു പോസ്റ്ററുകൾ. 'സേവ് കമ്യൂണിസ'ത്തിൻെറ പേരിലാണ് പോസ്റ്ററുകൾ. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും മന്ത്രിയുടെ വീടിൻെറ പരിസരത്തുമടക്കമാണ് പോസ്റ്ററുകൾ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.