ബാലന്‍െറ വിവാദ പരാമര്‍ശം: സഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ. ബാലന്‍ നടത്തിയ  പരാമര്‍ശങ്ങളെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും. മന്ത്രിയുടെ വിശദീകരണത്തിനിടെ പ്രതിപക്ഷം പലതവണ നടുത്തളത്തിലിറങ്ങുകയും ഒടുവില്‍ സഭ വിട്ടിറങ്ങുകയുമായിരുന്നു. താന്‍ ആരെയും അപമാനിച്ചിട്ടില്ളെന്നും പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ച് വകുപ്പിന്‍െറയും സര്‍ക്കാറിന്‍െറയും പ്രതിച്ഛായ മോശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ബാലന്‍ വിശദീകരിച്ചു.

ശൂന്യവേളയില്‍ പി.ടി. തോമസാണ് ബാലന്‍െറ പരാമര്‍ശം സംബന്ധിച്ച് ക്രമപ്രശ്നം ഉന്നയിച്ചത്. സഭാ രേഖയില്‍നിന്ന് ഇവ നീക്കണമെന്നായിരുന്നു ആവശ്യം. മന്ത്രിയുടെ പരാമര്‍ശത്തില്‍ ലോകം അപമാനംകൊണ്ട് തലതാഴ്ത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനു ബാലന്‍ മറുപടി പറയുന്നിനിടെ സഭ ബഹളത്തിലായി. ഇങ്ങനെ സഭ നടത്തണമോ പ്രതിപക്ഷത്തിന് എന്തുമാകാമോ എന്ന് ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  ചോദിച്ചു. മന്ത്രിയുടെ വിശദീകരണം കേള്‍ക്കാനുള്ള മാന്യത കാണിക്കണമെന്ന് സ്പീക്കറും പറഞ്ഞു.

 തന്‍െറ മറുപടിയില്‍ ഏതെങ്കിലും വിഭാഗത്തെ അപമാനിക്കുന്ന പരാമര്‍ശം ഉണ്ടോയെന്നറിയാന്‍ പ്രതിപക്ഷ നേതാവിന്‍െറ സാന്നിധ്യത്തില്‍ സ്പീക്കര്‍ സഭാ രേഖകള്‍ പരിശോധിക്കണമെന്ന്  ബാലന്‍ പറഞ്ഞു.  സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം. ഏതെങ്കിലും വിഭാഗത്തെ വ്യക്തിപരമായി അപമാനിക്കുന്നെന്ന് തെളിവുണ്ടെങ്കില്‍ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

19ന് മറുപടി പറയുമ്പോള്‍ സഭയില്‍ പ്രതിഷേധമുയര്‍ന്നിരുന്നില്ല. അത്  20നോ 21നോ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 22നാണ് വാര്‍ത്ത വരുന്നത്. പ്രസവത്തിന്‍െറ സംഖ്യയാണ് താന്‍  പറഞ്ഞത്. എണ്ണത്തിലേ അതു പറയാനാവൂ. ഈ സര്‍ക്കാറിന്‍െറ നടപടികളിലൂടെ അതു നാലെണ്ണമാക്കി എന്നു പറഞ്ഞു.  കഴിഞ്ഞ ഓണത്തിന് താനും കുടുംബവും ഭക്ഷണം കഴിച്ചത് ആദിവാസി ഭവനത്തില്‍നിന്നാണ്. അന്ന് ഒപ്പമുണ്ടായിരുന്ന എം.എല്‍.എയോട് അട്ടപ്പാടിയിലെ എന്തു  വിഷയമുണ്ടെങ്കിലും അറിയിക്കണമെന്ന് പറഞ്ഞിരുന്നു. 13 വയസ്സായ കുട്ടി മരിച്ചത് ശ്വസംമുട്ടല്‍ മൂലമായിരുന്നു. അബോര്‍ഷന്‍, വളര്‍ച്ച എത്താത്തത് തുടങ്ങിയവയും  പറഞ്ഞിരുന്നു. ഗര്‍ഭധാരണം ഇടത് സര്‍ക്കാറിന്‍െറ കാലത്തല്ല, യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് എന്നു പറഞ്ഞത് വസ്തുതയാണ്. ആ പാവങ്ങള്‍ക്ക് കേന്ദ്ര വനാവകാശ പദ്ധതി പ്രകാരം 31000 ഏക്കര്‍ കൊടുക്കാന്‍ ശ്രമിച്ച മന്ത്രിയാണ് താന്‍. അവരെ മറന്ന് തന്‍െറ ജീവിതത്തിലോ പ്രവര്‍ത്തനത്തിലോ ഒന്നുമുണ്ടായിട്ടില്ല. കരളെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് പറയരുത്. മുഖ്യധാരാ മാധ്യമങ്ങളോ ചാനലുകളോ ഇതു കൊണ്ടുവന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക വകുപ്പിന്‍െറ ചുമതലയുള്ള മന്ത്രി പരാമര്‍ശം പിന്‍വലിച്ച്  മാപ്പു ചോദിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
 മന്ത്രിക്ക് ദുരുദ്ദേശ്യമില്ളെന്നും ആ സമൂഹത്തെ ആക്ഷേപിക്കാന്‍ പറഞ്ഞതല്ളെന്നും വ്യക്തമാക്കിയ സാഹചര്യത്തില്‍ വിഷയം അവസാനിക്കട്ടെയെന്ന് സ്പീക്കറും പറഞ്ഞു. മന്ത്രി ക്ഷമ പറയണമെന്ന നിലപാടില്‍തന്നെ പ്രതിപക്ഷം നിന്നു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ഇറങ്ങിപ്പോക്കും നടത്തി.

Tags:    
News Summary - AK Balan controversy in assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.