തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന്റെ സി.സി ടിവി ദ്യശ്യങ്ങൾ വിശദ പരിശോധനക്കായി അന്വേഷണ സംഘം സി-ഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റെയും ദൃശ്യങ്ങളാണ് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പർ ഉൾപ്പെടെ കണ്ടെത്തുന്നതിനാണിത്. ആക്രമണം നടന്ന് 10 ദിവസമായിട്ടും പ്രതിയെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിക്കാത്തതിൽ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ പരിശോധനയെന്ന് ആക്ഷേപമുണ്ട്.
ആക്രമണത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകൾ നിരീക്ഷിക്കുന്ന നടപടികളും പൊലീസ് തുടരുകയാണ്. ആക്രമണത്തെ പിന്തുണച്ച പോസ്റ്റുകളാണ് നിരീക്ഷിക്കുന്നത്. പോസ്റ്റിട്ട മൊബൈൽ എ.കെ.ജി സെന്റര്‍ പരിസരത്താണെങ്കില്‍ ചോദ്യം ചെയ്യും.
മറ്റെല്ലാ വഴികളും അടഞ്ഞതിനാലാണ് ഈ നീക്കം. സി.സി ടി.വിയും മൊബൈൽ ടവറും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനകം പ്രദേശത്തെ അമ്പതിലേറെ സി.സി ടി.വി പരിശോധിച്ചു. മൂന്നു ടവറിലായി ആയിത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധി പേരെ ചോദ്യം ചെയ്തു. ആക്രമിയെത്തിയ ഡീഗോ സ്കൂട്ടറിലായതിനാൽ ഈ വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. എന്നാൽ, ആക്രമിയെ മാത്രം പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല.
എ.കെ.ജി സെൻററിന് മുന്നിൽനിന്നുള്ള ദൃശ്യങ്ങളിൽപോലും വാഹന നമ്പർ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്. അതിനാലാണ് സി-ഡാക്കിന്റെ സഹായം തേടിയത്. എ.കെ.ജി സെന്ററിന് നേരെ എറിഞ്ഞത് മാരകപ്രഹരശേഷിയുള്ള സ്ഫോടകവസ്തുവല്ലെന്ന് കഴിഞ്ഞ ദിവസം ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
രണ്ട് ഡിവൈ.എസ്.പിമാർ ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംശയത്തിന്റെ പേരിൽ നിരവധി പേരെ ചോദ്യം ചെയ്യുന്നുണ്ട്. കെ.എസ്.യു പ്രവർത്തകനായ നിയമവിദ്യാർഥിയും അതിന്റെ ഭാഗമായി നിരീക്ഷണത്തിലാണ്. പ്രതി എത്തിയതിനു സമാനമായ ചുവന്ന സ്കൂട്ടറുള്ളതും എ.കെ.ജി സെന്ററിന് മുന്നിലൂടെ വീട്ടിലേക്ക് പോകാൻ സാധിക്കുമെന്നതുമാണ് ഇയാളെ സംശയിക്കാൻ കാരണം. ഇയാളുടെ സാമൂഹിക ഇടപെടൽ ഉൾപ്പെടെ പരിശോധിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.