എ.കെ.ജി സെന്‍റർ ആക്രമണം: കൂടുതൽ പ്രതികളുണ്ടെന്ന് നിഗമനം

തിരുവനന്തപുരം: എ.കെ.ജി സെൻറർ ആക്രമണക്കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന സൂചന നൽകി അന്വേഷണസംഘം. ഇനിയും നിരവധിപേരെ ചോദ്യംചെയ്യാനുണ്ടെന്നും അവർ വ്യക്തമാക്കി. കസ്റ്റഡിയിലുള്ള പ്രതി ജിതിനെ ചോദ്യംചെയ്തതിലും തെളിവുകൾ ശേഖരിച്ചതിൽനിന്നും കേസ് കൃത്യമായി കോടതിയിൽ അവതരിപ്പിക്കാനാകുമെന്ന പ്രതീക്ഷയും അന്വേഷണസംഘം പ്രകടിപ്പിക്കുന്നു. സംഭവദിവസത്തെ ജിതിന്‍റെ റൂട്ട്മാപ്പ് തയാറാക്കാനായത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. സ്ഫോടകവസ്തു എറിഞ്ഞ സമയത്ത് ജിതിൻ എ.കെ.ജി സെന്‍ററിന് മുന്നിലുണ്ടായിരുന്നെന്ന് ഇതിലൂടെ തെളിയിക്കാൻ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

എന്നാൽ ജിതിൻ സ്വന്തം തീരുമാനപ്രകാരം ചെയ്തതല്ല ഈ കൃത്യമെന്നാണ് പൊലീസിന്‍റെ അനുമാനം. റിമാൻഡ് റിപ്പോർട്ടിൽ സുഹൃത്തുക്കളുമായി ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. ജിതിന് സ്കൂട്ടർ എത്തിച്ചുനൽകിയ വനിതാ നേതാവിനെ ഇനിയും ചോദ്യംചെയ്യും. അവരെ സാക്ഷിയോ പ്രതിയോ ആക്കും. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സുഹൈലിനെയും ചോദ്യംചെയ്യും. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിലും സുഹൈലിനെ ചോദ്യംചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു. രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയെങ്കിലും സുഹൈൽ ഹാജരായില്ല.

ജിതിനുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെളിവെടുപ്പിലും ചോദ്യംചെയ്യലിലും നിർണായക തെളിവുകള്‍ ലഭിച്ചതായി ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. എ.കെ.ജി സെൻറർ ആക്രമിച്ച സമയം ജിതിൻ ധരിച്ചിരുന്ന ഷൂസ് ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് വിവരം. അതിനിടെ ജിതിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തിങ്കളാഴ്ച ഉച്ചയോടെ അന്വേഷണസംഘം ഇയാളെ കോടതിയിൽ ഹാജരാക്കും. ജിതിന്‍റെ ജാമ്യാപേക്ഷ 27ന് കോടതി പരിഗണിച്ചേക്കും.

സ്കൂട്ടറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിൽ പടക്കമെറിയാനായി യൂത്ത്‌ കോൺഗ്രസ്‌ നേതാവ് ജിതിൻ എത്തിയ സ്കൂട്ടറിനെക്കുറിച്ച്‌ പൊലീസിന്‌ കൂടുതൽ വിവരങ്ങൾ ലഭിച്ചു. വാഹനത്തിന്‍റെ നമ്പറടക്കമുള്ള വിവരങ്ങളാണ് ലഭ്യമായത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച്‌ കൂടുതൽ അന്വേഷണം നടക്കും. ജിതിന്‍റെ സുഹൃത്തിന്‍റെ ഉടമസ്ഥതയിലുള്ളതാണ്‌ സ്കൂട്ടറെന്നാണ്‌ വിവരം. ജിതിന്‍റെ സുഹൃത്തായ വനിതയാണ്‌ സ്കൂട്ടർ ഗൗരീശപട്ടത്ത്‌ എത്തിച്ചതും ആക്രമണശേഷം തിരികെ കൊണ്ടുപോയതും. ജിതിൻ പിടിയിലായതോടെ ഇവർ ഒളിവിലാണ്. ജിതിന്‍റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും. ചോദ്യം ചെയ്യലുമായി ഇയാൾ കാര്യമായി സഹകരിച്ചിട്ടില്ല. സ്കൂട്ടർ, ഉയോഗിച്ച സ്ഫോടകവസ്തു തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ പ്രതി വിസമ്മതിക്കുകയാണ്. 

Tags:    
News Summary - AKG Center Attack: More Suspects Concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.