തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ് അഞ്ചുദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘം തലസ്ഥാനത്തെ മുഴുവൻ പൊലീസ് സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാനോ അയാൾ വന്ന സ്കൂട്ടറിന്റെ നമ്പർ കണ്ടെത്താനോ സാധിച്ചിട്ടില്ല. പ്രതി വന്നത് ചുവന്ന സ്കൂട്ടർ എന്ന വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് അന്വേഷണം.
ഏതെങ്കിലും ഒരാളെ പ്രതിയാക്കിയാൽ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്താൻ സാധ്യതയുള്ളതിനാൽ കരുതലോടെയാണ് പൊലീസ് അന്വേഷണം. എ.കെ.ജി സെൻറർ ആക്രമിക്കുമെന്ന് പോസ്റ്റിട്ട ആളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. അക്രമിയെയും വാഹനവും തിരിച്ചറിയാൻ മോട്ടോർവാഹന വകുപ്പിന്റെയും പ്രതി ഓടിച്ച ഇനം സ്കൂട്ടർ വിൽക്കുന്ന ഇരുചക്രവാഹന ഡീലർമാരുടെയും സഹായം പൊലീസ് തേടിയിട്ടുണ്ട്. ആ പട്ടികയിൽ നിന്ന് ഇത്തരം വാഹനം ഉപയോഗിക്കുന്നവരെ കണ്ടെത്തി പ്രതിയെ പിടിക്കാൻ സാധിക്കുമോയെന്നാണ് ശ്രമിക്കുന്നത്.
സംഭവസമയത്ത് എ.കെ.ജി സെന്ററിന് സമീപത്തെ ടവർ ലൊക്കേഷനിൽ കാണപ്പെട്ട മൊബൈൽ ഫോൺ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. മൊബൈൽ ടവർ ദാതാക്കളിൽനിന്ന് ഇതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. പ്രതിക്ക് സഹായം ലഭ്യമാക്കിയെന്ന് സംശയിക്കുന്ന ആൾക്ക് വേണ്ടിയും അന്വേഷണം നടക്കുന്നുണ്ട്. ഇയാളാണ് പ്രതിക്ക് സ്ഫോടകവസ്തു കൈമാറിയതെന്നാണ് സംശയം. ഇരുവരും പോയ വഴികളിെലയും ഇടറോഡുകളിലെയും മുഴുവൻ സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്.
എ.കെ.ജി സെന്ററിന്റെ പ്രധാന കവാടത്തിലെയും സ്ഫോടകവസ്തുവെറിഞ്ഞ ഗേറ്റിന് സമീപത്തെയും കാമറകളിൽ സ്കൂട്ടർ നമ്പർ തെളിഞ്ഞിട്ടില്ല. ആ പ്രദേശത്തെ വഴിവിളക്കുകൾ കത്താതിരുന്നതും ദൃശ്യങ്ങൾ ലഭിക്കാൻ തടസ്സമായെന്നാണ് പൊലീസ് പറയുന്നത്. ഇതെല്ലാം സംഭവത്തിലെ ദുരൂഹതയും വർധിപ്പിക്കുകയാണ്. പ്രധാന കവാടത്തിന് സമീപം പൊലീസ് സുരക്ഷയുണ്ടെന്ന് അറിയാവുന്ന ആളാണ് പ്രതിയെന്നാണ് വിലയിരുത്തൽ. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്. സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാറിന്റെ നേതൃത്വത്തിലാണ് ഇക്കാര്യം പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.