തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിനെ സഹായിച്ച വനിത നേതാവ് ഒളിവിൽ. അന്വേഷണസംഘം ചോദ്യംചെയ്യാൻ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ യുവതി ഒളിവിൽപോയത്. ജിതിന് സ്കൂട്ടർ നൽകിയത് വനിത നേതാവാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോണ്ട ഡിയോ സ്കൂട്ടറാണ് ഇവർ കൈമാറിയത്.
കേസിൽ ഇവരെ സാക്ഷിയാക്കാനാണ് നീക്കം നടക്കുന്നത്. ഗൂഢാലോചനയിലും ആക്രമണത്തിലും നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ പ്രതിചേർക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, കൃത്യം നടക്കുമ്പോൾ പ്രതി ധരിച്ചിരുന്ന ടീ ഷർട്ടും ചെരിപ്പും കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള ജിതിനെ ഞായറാഴ്ച എ.കെ.ജി സെന്ററിൽ എത്തിച്ച് തെളിവെടുത്തേക്കും.
ആക്രമണ ഗൂഢാലോചനയിൽ മറ്റ് രണ്ട് യൂത്ത് കോൺഗ്രസുകാർക്കുകൂടി പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സ്‌ഫോടകവസ്തു എറിയാൻ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചുവെന്ന് കണ്ടെത്തുകയാണ് ഇനി അന്വേഷണസംഘത്തിന്റെ മുന്നിലുള്ള ലക്ഷ്യം. ജിതിന്റെ സുഹൃത്ത് കൂടിയായ യുവതി സംഭവദിവസമായ ജൂൺ 30ന് രാത്രി 11ന് ഗൗരീശപട്ടത്തുവെച്ചാണ് സ്കൂട്ടർ കൈമാറിയത്.
ജിതിൻ കൃത്യം നടത്തി തിരിച്ചുവരുംവരെ ഇവർ കാറിൽ കാത്തിരുന്നു. മടങ്ങിയെത്തിയ ജിതിൻ കാറുമായി പോയപ്പോൾ ഇവർ സ്കൂട്ടറിൽ മടങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂട്ടർ മാറി ഉപയോഗിച്ചതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.