തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമനക്കോഴ കേസിൽ പരാതിക്കാരനായ ഹരിദാസനിൽനിന്ന് ലക്ഷം രൂപ പണമായി കൈപ്പറ്റിയത് ആരെന്ന് കണ്ടെത്താനാവാതെ പൊലീസ്. സെക്രട്ടേറിയറ്റിന് മുന്നിൽ ആരോഗ്യമന്ത്രിയുടെ ഓഫിസിന് സമീപം അഖിൽ മാത്യുവിന്റെ പേരിൽ ആൾമാറാട്ടം നടത്തിയതാണെങ്കിൽ അയാളെക്കുറിച്ച് അറിയാവുന്ന ഏകവ്യക്തി അഖിൽ സജീവാണ്.
ഇയാളുടെ നിർദേശപ്രകാരമാണ് പണം കൈമാറിയതെന്ന് ഹരിദാസൻ ആവർത്തിക്കുന്നുണ്ട്. ഇയാൾ ഇതുവരെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. പരാതിക്കാരനായ ഹരിദാസനുമായി അടുപ്പം പുലർത്തുന്ന ബാസിതിനെയാണ് പൊലീസ് കൂടുതൽ സംശയിക്കുന്നത്. അഖിൽ മാത്യുവിന്റെ പരാതിയിൽ തുടങ്ങിയ അന്വേഷണത്തിൽ, മന്ത്രിയുടെ ഓഫിസിനെ കോഴക്കാര്യം അറിയിച്ച ഹരിദാസനെയും പൊലീസ് ഒഴിവാക്കുന്നില്ല.
അഖിൽ മാത്യുവിന്റെ മൊഴിയിൽ പരാമർശിക്കാത്ത പേരാണ് മലപ്പുറം സ്വദേശിയും മുൻ എ.ഐ.എസ്.എഫ് നേതാവുമായ ബാസിതിന്റേത്. ബാസിത് വഴിയാണ് ഹരിദാസൻ മന്ത്രിയുടെ ഓഫിസിലെത്തി കോഴക്കാര്യം ആദ്യം പേഴ്സനൽ സെക്രട്ടറിയുമായി പങ്കുവെച്ചത്. ഇവർ രണ്ടുപേരും സെക്രട്ടേറിയറ്റ് പരിസരത്ത് ചെലവഴിച്ച ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം ഹരിദാസൻ എഴുതി നൽകിയ പരാതിയിൽ അഖിൽ സജീവിന്റെ പേരുണ്ട്. എന്നാൽ, ഈ പരാതി ഇപ്പോഴും പൊലീസിന് കൈമാറിയിട്ടില്ല. ഹരിദാസൻ കൈക്കൂലി ആരോപണം ഉന്നയിച്ച അഖിൽ മാത്യു നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. ഹരിദാസന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിൽ അഖിൽ മാത്യു, അഖിൽ സജീവ് എന്നിവർ പ്രതിസ്ഥാനത്ത് വരും.
ഇത് ഒഴിവാക്കാൻ മന്ത്രി തന്റെ പി.എ അഖിൽ മാത്യുവിനെകൊണ്ട് മറുപരാതി നൽകിയതിലെ ദുരൂഹത ബാക്കിയാണ്. ഈ പരാതിയിൽ ഹരിദാസന്റെ പേര് മാത്രമാണ് പരാമർശിക്കുന്നത്. അഖിൽ സജീവിനെ സംരക്ഷിക്കാനാണ് ഇതെന്ന സംശയമാണ് പരാതിക്കാരനായ ഹരിദാസൻ ഉന്നയിക്കുന്നത്.ഹരിദാസൻ പണം കൈമാറിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിലായിരുന്നെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഉറപ്പിച്ചു. ഇതു തെളിയിക്കാനാവശ്യമായ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.