സ്നേഹത്തണലില്‍ അക്ഷര വീടൊരുക്കം

കൊച്ചി: സ്നേഹത്തിന്‍െറ കരവിരുതില്‍ ഇനി കരുതലിന്‍െറ തണലുകളുയരും. ഈ സ്വപ്നത്തെ നെഞ്ചോടുചേര്‍ത്ത് മലയാളിലോകം അക്ഷര വീട് എന്ന് പേരിട്ടു. അക്ഷരവും അലിവും മറന്നുതുടങ്ങിയ ലോകത്തിനുമുന്നില്‍ കൂട്ടായ്മയുടെ കൈത്താങ്ങില്‍ ഒരുകൂട്ടം മനുഷ്യരുടെ നിസ്സഹായതക്കുമേല്‍ ആത്മാര്‍പ്പണത്തിന്‍െറ മേല്‍ക്കൂരകളുയരും. ‘മാധ്യമ’വും മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടന അമ്മയും പ്രവാസി വ്യവസായസംരംഭമായ യു.എ.ഇ എക്സ്ചേഞ്ചും എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പും ചേര്‍ന്നൊരുക്കുന്ന ഈ സ്നേഹത്തണലിന്‍െറ നാമകരണ ചടങ്ങിന് കൊച്ചിയിലെ ഹോട്ടല്‍ ലെ മെറിഡിയനില്‍ സാക്ഷികളായത് മലയാളത്തിന്‍െറ പ്രൗഢസദസ്സ്.
മലയാളികളുടെ പ്രിയനടന്മാരായ മമ്മൂട്ടിയും ഇന്നസെന്‍റും ‘മാധ്യമ’ത്തിന്‍െറയും യു.എ.ഇ എക്സ്ചേഞ്ചിന്‍െറയും സാരഥികളും ചേര്‍ന്ന് മനസ്സില്‍ തെളിഞ്ഞ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ത്ത് അക്ഷരവീട് എന്ന് പേരിടുകയായിരുന്നു. തുടര്‍ന്ന് പദ്ധതിയുടെ ലോഗോയും പ്രകാശിപ്പിച്ചു. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്യുന്ന 51 വീടുകളാണ് പദ്ധതിയില്‍ കൈമാറുക.
മലയാളിയുടെ വര്‍ത്തമാനങ്ങള്‍ ലോകത്തിന്‍െറ കോണുകളില്‍ എത്തിച്ച ‘മാധ്യമം’ മലയാളി ഒരുക്കുന്ന മറ്റൊരു സ്നേഹവിസ്മയത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണെന്ന് പദ്ധതി വിശദീകരിച്ച ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു.
അമ്മ എന്ന സംഘടന മനസ്സില്‍ പേറിനടന്ന സ്വപ്നമാണ് ‘മാധ്യമ’വും യു.എ.ഇ എക്സ്ചേഞ്ചും ചേര്‍ന്ന് യാഥാര്‍ഥ്യമാക്കുന്നതെന്ന് അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റ് എം.പി ചൂണ്ടിക്കാട്ടി. ആലംബഹീനരായ സഹപ്രവര്‍ത്തകരോട് അനുഭാവത്തോടെ പെരുമാറുന്നതില്‍ മാതൃകയായ അമ്മ ഈ സ്വപ്നപദ്ധതിയില്‍ പങ്കുചേര്‍ന്നത് ആത്മവിശ്വാസത്തോടെയാണെന്നും അശരണരായ നിരവധിപേര്‍ നമുക്കുചുറ്റുമുണ്ടെന്നും ജനറല്‍ സെക്രട്ടറി മമ്മൂട്ടി പറഞ്ഞു.
‘മാധ്യമ’വും അമ്മയും ചേരുന്ന ഈ സംരംഭത്തില്‍ പങ്കുചേരാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ളെന്ന് യു.എ.ഇ എക്സ്ചേഞ്ച് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. യു.എ.ഇ എക്സ്ചേഞ്ച് ചെയര്‍മാന്‍ ബി.ആര്‍. ഷെട്ടിയുടെ സന്ദേശം വായിച്ചു.
‘മാധ്യമം-മീഡിയവണ്‍’ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പദ്ധതിയിലെ വീടുകളുടെ ശില്‍പി ആര്‍ക്കിടെക്ട് ജി. ശങ്കര്‍, അമ്മ സെക്രട്ടറി ഇടവേള ബാബു, നടന്‍ സിദ്ദീഖ്, യു.എ.ഇ എക്സ്ചേഞ്ച് ഇന്ത്യ എം.ഡി ജോര്‍ജ് ആന്‍റണി, സംവിധായകന്‍ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. യു.എ.ഇ എക്സ്ചേഞ്ച് പി.ആര്‍ ഡയറക്ടര്‍ പ്രശാന്ത്, മാധ്യമം പബ്ളിഷര്‍ ടി.കെ. ഫാറൂഖ്് എന്നിവര്‍ സന്നിഹിതരായി. ‘മീഡിയവണ്‍’ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഗോപീകൃഷ്ണന്‍ അവതാരകനായി. ‘മാധ്യമം’ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ മുഹമ്മദ് റഫീഖ് നന്ദി പറഞ്ഞു.
എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ, പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, പൊലീസ് പരാതി അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, കൊച്ചി നഗരസഭ കൗണ്‍സിലര്‍ ലിനോ ജേക്കബ്, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്‍, ‘മെട്രോ വാര്‍ത്ത’ എഡിറ്റര്‍ ഗോപീകൃഷ്ണന്‍, മുന്‍ എസ്.പി ഷംസുദ്ദീന്‍ ഇല്ലിക്കല്‍, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് അബൂബക്കര്‍ ഫാറൂഖി, ‘മാധ്യമം’ ജനറല്‍ മാനേജര്‍മാരായ കളത്തില്‍ ഫാറൂഖ്, എ.കെ. സിറാജലി, എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, ഡെപ്യൂട്ടി എഡിറ്റര്‍മാരായ ഇബ്രാഹിം കോട്ടക്കല്‍, വയലാര്‍ ഗോപകുമാര്‍, എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ്, എറണാകുളം ശാന്തിഗിരി ആശ്രമം കാര്യദര്‍ശി സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുത്തു.

 

Tags:    
News Summary - aksharaveed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.