മല്ലിക സാരാഭായി

ചുറ്റുമുണ്ട് മനുസ്മൃതിയുടെ മനസ്സുകൾ -മല്ലിക സാരാഭായി

തിരുവനന്തപുരം: മനുസ്മൃതിയുടെ കാലത്തുനിന്ന് ഏറെ മുന്നേറിയെന്നാണ് നാം കരുതുന്നതെങ്കിലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സുകളിൽ ഇപ്പോഴുമത് കുടികൊള്ളുന്നുവെന്നത് വസ്തുതയാണെന്ന് പ്രമുഖ നർത്തകിയും കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായി. ജനാധിപത്യ മഹിള അസോസിയേഷൻ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇതരവിഭാഗങ്ങളുമായി സൗഹൃദം വേണ്ട, സ്വജാതിക്ക് പുറത്ത് വിവാഹം പാടില്ല എന്നൊക്കെ നമ്മൾ മക്കളോട് പറഞ്ഞുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്.

‘ലവ് ജിഹാദ് പ്രചാരണം നൂറുവർഷം മുമ്പ് ഉണ്ടായിരുന്നുവെങ്കിൽ ഞാൻ ജനിക്കുമായിരുന്നില്ല. എന്‍റെ പൂർവികരായ മാതാപിതാക്കൾ മറ്റ് മതവിഭാഗങ്ങളിൽനിന്ന് വിവാഹം കഴിച്ചവരാണ്. ഗുജറാത്ത് വംശഹത്യക്കെതിരെ കലാകാരിയായ താങ്കൾ ആദ്യം വിരൽ ഉയർത്തിയത് എന്തിനെന്ന് പലരും ചോദിക്കാറുണ്ട്. അതേ, ഞാൻ കലാകാരിയാണ്. അതോടൊപ്പം മനുഷ്യനും കൂടിയാണ്. ഒരു മനുഷ്യനും ഇതര ജന്തുക്കൾക്കും ഭൂമിക്കും നേരെ ഉന്മൂലനം നടക്കാൻ പാടില്ലെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പ്രതികരിക്കുന്നത്.

എല്ലാ മനുഷ്യർക്കും ശാന്തമായി ജീവിക്കാനും ഉയർച്ച നേടാനും അഭിപ്രായപ്രകടനത്തിനും നീതി ലഭിക്കാനും അവകാശമുണ്ട്. പൊതുസമുഹത്തിൽനിന്ന് നീതിയും അന്തസ്സും ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾ വീട്ടിലും നീതിയും അന്തസ്സും പാലിക്കുന്നവരാകണം. നിങ്ങളുടെ മകനെ സ്ത്രീകളോട് അതിക്രമം പ്രവർത്തിക്കാത്തവനാക്കി വളർത്താൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?

നിങ്ങളുടെ മകൾ മറ്റ് സ്ത്രീകളെ ഇകഴ്ത്താതെ പെരുമാറുന്നവരായി വളർത്താൻ കഴിയുന്നുണ്ടോ? ദാരിദ്ര്യത്തിനെതിരെ പോരാടുന്നെന്ന് പറയുന്നവർ ദരിദ്രരോട് ഇടപെടുമ്പോൾ മറ്റ് സുഹൃത്തുക്കളോട് പെരുമാറുന്ന നിലയിൽ മാന്യമായണോ പെരുമാറുന്നത്? സ്വന്തം രാഷ്ട്രീയവും ജീവിതവും ഒരേ ദിശയിലല്ല പോകുന്നതെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ലോകം ഒരിക്കലും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നില്ല’- മല്ലിക സാരാഭായി തുടർന്നു.

Tags:    
News Summary - All around are the minds of Manusmriti - Mallika Sarabhai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.