തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസിന് എതിരായ കൈക്കൂലി പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ആഴ്ചകൾക്ക് മുമ്പ് രേഖാമൂലവും ഇ മെയിലായും മലപ്പുറം സ്വദേശി നൽകിയ പരാതിയെക്കാൾ പൊലീസ് മുൻഗണന നൽകിയത് പേഴ്സനൽ സ്റ്റാഫിന്റെ പരാതിക്ക്.
ആരോപണവിധേയനായ അഖിൽ മാത്യുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ബുധനാഴ്ച ഉച്ചയോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നത് മാത്രമല്ല കൊടുക്കുന്നതും തെറ്റാണെന്ന് ഊന്നിപ്പറഞ്ഞ മന്ത്രി വീണാ ജോർജ് തന്റെ ഓഫിസ് ജീവനക്കാരനെ വെള്ളപൂശി വാദിയെ പ്രതിയാക്കാൻ ശ്രമിക്കുന്നതിന്റെ സൂചനയാണ് നൽകിയത്. കുറ്റാരോപിതനെ വാദിയാക്കി കേസെടുത്തതും ഇതിന്റെ തുടർച്ചയായി. പരാതി ലഭിച്ചയുടനെ പേഴ്സനൽ സ്റ്റാഫിൽനിന്ന് മന്ത്രി വിശദീകരണം വാങ്ങിയെങ്കിലും പരാതി ഡി.ജി.പിക്ക് കൈമാറാൻ ദിവസങ്ങളെടുത്തു. പാർട്ടി പ്രവർത്തകർ പ്രതികളാകുന്ന കേസുകൾ പാർട്ടിതന്നെ തീർപ്പാക്കുന്നതിന്റെ തുടർച്ചയാണ് മന്ത്രിയുടെ ഈ നടപടിയെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി പറയുന്നുണ്ടെങ്കിലും സെപ്റ്റംബർ 13ന് രജിസ്റ്റേർഡ് തപാലിൽ ലഭിച്ച പരാതി 20നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. പിന്നെയും മൂന്നുദിവസം കഴിഞ്ഞാണ് ഡി.ജി.പിക്ക് കൈമാറിയത്. ആ പരാതി ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തിയിട്ടില്ലെന്ന് പൊലീസ് പറയുന്നതിലും ദുരൂഹത ഉയരുന്നു.
ഇ മെയിലിൽ നൽകിയ പരാതിക്ക് മറുപടി ലഭിക്കാത്തതിനാലാണ് രാജിസ്റ്റേർഡ് ആയി അയച്ചതെന്നാണ് പരാതിക്കാരന്റെ വിശദീകരണം.
രേഖാമൂലം പരാതി ലഭിക്കുമ്പോൾ നിപയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ആയതിനാലാണ് ബന്ധപ്പെട്ടവർക്ക് കൈമാറാൻ താമസം വന്നതെന്നാണ് മന്ത്രി പറയുന്നത്.
മലപ്പുറം സ്വദേശിയുടെ പരാതിയിൽ ആരോപണവിധേയനായ അഖിൽ സജീവെന്ന സി.ഐ.ടി.യു മുൻ ഓഫിസ് സെക്രട്ടറിയെ പാർട്ടി ഉൾപ്പെടെ തഴയുമ്പോൾ അഖിൽ മാത്യുവിനെ സംരക്ഷിക്കുന്ന നിലപാടിലാണ് സർക്കാർ എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെയും വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.