ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിന് സൗജന്യമായി ഭൂമി വിട്ടുനൽകിയ കുടംബത്തെ അവഗണിക്കുന്നതായി ആക്ഷേപം. ആർപ്പുക്കര പാഠകശേരി ഇല്ലത്തെ ശ്രീകുമാരൻ മൂത്തത് ആണ് ആക്ഷേപവുമായി രംഗത്ത് വന്നിട്ടുള്ളത്. 1962ൽ ഇദ്ദേഹത്തിന്റെ പിതാവ് ശ്രീകുമാർ മൂത്തത് 145 ഏക്കർ ഭൂമിയാണ് മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനായി സൗജന്യമായി വിട്ടുനൽകിയത്.
1962 ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ മൂന്നാമത്തെ മെഡിക്കൽ കോളജ് 245 ഏക്കർ ഭൂമിയിൽ 1970 ലാണ് ആർപ്പുക്കരയിൽ ആരംഭിക്കുന്നത്. ഇതിൽ 145 ഏക്കർ ഭൂമി നൽകിയത് ആർപ്പുക്കര പാഠേശേഖര ഇല്ലമാണ് 1962 അന്നത്തെ ആരോഗ്യമന്ത്രി വി.കെ വേലപ്പന്റെ ഇടപെടലാണ് കോട്ടയം ആർപ്പുക്കരയിൽ മെഡിക്കൽ കോളജ് വരുവാനുള്ള സാഹചര്യം ഉണ്ടായത്.
ഇതിനായി ഭൂമി കണ്ടെത്തുന്നതിന് വടവാതൂരും ഇപ്പോൾ ജുവനൈഹോം സ്ഥിതി ചെയ്യുന്ന തിരുവഞ്ചുർ ഭാഗത്തെ സ്ഥലം നോക്കിയെങ്കിലും, അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരെ ചില രാഷ്ട്രീയ കക്ഷികൾ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നുവെന്ന് ശ്രീകുമാരൻ പറയുന്നു.
പിന്നീടാണ് തന്റെ പിതാവിനെ സന്ദർശിക്കുന്നത്. ഒരു നല്ല കാര്യത്തിനാണ് എന്നുള്ളതിനാൽ ഭൂമി വിട്ടുകൊടുക്കുവാൻ തയാറാകുകയായിരുന്നു. എന്നാൽ, 145 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകിയ കുടുംബത്തിന് നാളിതുവരെ ഒരു പരിഗണന പോലും ലഭിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.
ആശുപത്രിയുടെ 50 വാർഷികാഘോഷത്തിന് തന്റെ മാതാവിനെ പൊന്നാട അണിയിച്ച് ആദരിച്ചതൊഴിച്ചാൽ അവഗണന മാത്രമാണ് സർക്കാരിന്റേയും ആശുപത്രിയുടേയും പഞ്ചായത്തിന്റേയും ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആശുപത്രിയുടെ പ്രധാന കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഇത്രയും ഭൂമി വിട്ടുനൽകിയപ്പോൾ അക്കാലത്ത് ഏതെങ്കിലും ഭാഗത്ത് ഒരു കെട്ടിടം നിർമ്മിച്ചിരുന്നെങ്കിൽ വാടകക്ക് നൽകാമായിരുന്നു. തങ്ങൾ മെഡിക്കൽ കോളജിൽ ചെന്നാൽ പരിചയമുള്ള ചുരുക്കം ചില ഡോക്ടർമാർ മാത്രമാണ് ചില പരിഗണനകൾ നൽകുന്നത്.
മറ്റുചില ഡോക്ടർമാരുടെ പെരുമാറ്റം വളരെ വേദനയുളവാക്കാറുണ്ട്. മെഡിക്കൽ കോളജിന് ഭൂമി സംഭാവന ചെയ്തത് മറ്റൊരാളുടെ പേരാണ് അറിയപ്പെടുന്നത് എന്നതിൽ ഞങ്ങൾക്ക് പരിഭവമില്ല. ഇനിയെങ്കിലും ആശുപത്രിയുടെ ഏതെങ്കിലും ഒരു ബ്ലോക്കിന് തന്റെ പിതാവിന്റെ പേര് ഇടുകയോ തങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിൽ ജോലി തരുവാനോ അധികൃതർ തയാറാകണമെന്നുമാണ് ഇവരുടെ ആവശ്യം. ശ്രീകുമാരന്റെ മൂത്തമകൻ ശ്രീജിത് ഏറ്റുമാനൂർ മഹാക്ഷേത്രത്തിലെ കീഴ്ശാന്തിയും ഇളയ മകൻ ശ്രീകേഷ് ആർപ്പുക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശാന്തിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.