തിരുവനന്തപുരം: ആയുർവേദ, ഹോമിയോ വിദ്യാർഥികളുടെ ശസ്ത്രക്രിയ പരിശീലനം സംബന്ധിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെതിരെ ഡോക്ടർമാർക്കിടയിൽ പോര് മുറുകുന്നു. അലോപ്പതി ഡോക്ടർമാരും സംഘടനകളും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. എന്നാൽ, ഇത് അലോപ്പതിക്കാരുടെ തെറ്റിദ്ധാരണയെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കുറ്റപ്പെടുത്തുന്നത്.
ആയുഷ് ശാഖയിലെ വിദ്യാർഥികൾക്ക് ആരോഗ്യ വകുപ്പിനു കീഴിലെ ആധുനിക വൈദ്യ ആശുപത്രികളിൽ ശസ്ത്രക്രിയയിലും ഗൈനക്കോളജിയിലും പോസ്റ്റ്മോർട്ടത്തിലും പരിശീലന അനുമതി നൽകുന്നതാണ് അഡീഷനൽ ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ്. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് െഎ.എം.എയും കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ). ആധുനിക വൈദ്യശാസ്ത്ര കോഴ്സ് പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾക്ക് ആധുനിക ചികിത്സയിൽ വളരെ ചുരുങ്ങിയ കാലം നിരീക്ഷണത്തിനും പരിശീലനത്തിനും അവസരമൊരുക്കുന്നത് സങ്കര വൈദ്യന്മാരെ സൃഷ്ടിക്കുമെന്നാണ് അലോപ്പതിക്കാർ വാദിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നാണ് ഇതിനെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ പ്രതികരണം.
കേന്ദ്ര സർക്കാർ 1979 മുതൽ നടപ്പാക്കിയ സിലബസിൽ സർജറി, ഗൈനക്കോളജി എന്നിവയിൽ ആയുർവേദ വിദ്യാർഥികൾക്ക് പരിശീലനം നിർദേശിച്ചിട്ടുണ്ട്. 2015ൽ ആയുർവേദ ഹൗസ്സർജന്മാരുടെ ഗൈനക്കോളജി പരിശീലനം സംബന്ധിച്ചുവന്ന ഉത്തരവ് തടഞ്ഞത് പുനരാരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അലോപ്പതിക്കാരുടെ സംഘടന ഹൈകോടതിയെ സമീപിച്ചെങ്കിലും പരിശീലനം തുടരാമെന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം, ഇതിനെതിരെ ഹൈകോടതിയുടെ മറ്റൊരു ഉത്തരവുണ്ടെന്നാണ് അലോപ്പതി ഡോക്ടർമാർ പറയുന്നത്.
മാനദണ്ഡം മറികടന്ന് ആയുർവേദക്കാർക്ക് പരിശീലനമോ, നിരീക്ഷണമോ നടത്തി സര്‍ട്ടിഫിക്കറ്റ് നല്കിയാല് ആ ഡോക്ടറുടെ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നഷ്ടമാകുമെന്നും അവർ പറയുന്നു.കേവലം രണ്ട്, മൂന്ന് ദിവസം നിരീക്ഷണത്തിന് സൗകര്യം നല്‍കണമെന്നാണ് സർക്കാർ ഉത്തരവ്. അപ്രകാരം നിരീക്ഷണം നടത്തിക്കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പിന്നീട് ചികിത്സിക്കാനും ശസ്ത്രക്രിയവരെ നടത്താനും അവസരമുണ്ടാകുമെന്നാണ് െഎ.എം.എ കുറ്റപ്പെടുത്തുന്നത്. ഇൗ വാദം ശുദ്ധ അസംബന്ധമെന്ന നിലപാടിലാണ് ആയുർവേദക്കാർ. ശസ്ത്രക്രിയ ഒരിക്കലും ആയുർവേദക്കാർ പരിശീലിക്കുന്നില്ല. അലോപ്പതിയിൽ സർജന്മാർക്ക് റഫർ ചെയ്യുകയാണ് പതിവ്. അത്യപൂർവ സാഹചര്യങ്ങളിൽ ദുർഘട മേഖലകളിൽ ഡോക്ടർമാർക്ക് പ്രസവം നടത്തേണ്ട സാഹചര്യം വന്നുചേരാറുണ്ട്. എന്നാൽ, ആയുർവേദ ഡോക്ടർമാർ ആരും പ്രസവാശുപത്രി നടത്താറില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.