കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്.ബി ഹൈസ്കൂളിലെ ക്യാമ്പിൽ കിടന്നുറങ്ങുന്നുവെന്ന കുറിപ്പോടെ കഴിഞ്ഞ ദിവസം രാത്രി മന്ത്രിയുടെ വേരിഫൈഡ് പേജിലാണ് ഉറങ്ങുന്ന ചിത്രം പങ്കുവെച്ചത്. ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം നിലത്തു വിരിച്ച ഷീറ്റിൽ കിടന്നുറങ്ങുന്ന കണ്ണന്താനത്തിെൻറ പടവും പോസ്റ്റും വൈറലാവുകയും ‘ഉറങ്ങുന്ന’ഫോേട്ടാക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുകയുമായിരുന്നു.
ട്രോളുകളും വിമർശനവുമുയർന്നതോടെ താനല്ല ആ ഫോട്ടോ ഇട്ടതെന്ന വാദവുമായി കേന്ദ്രമന്ത്രി രംഗത്തെത്തി. പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുന്നതിനിടെ ക്യാമ്പില്‍ ചെലവഴിച്ചെന്നും ആ അവസരത്തിൽ തെൻറ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന പേഴ്സണൽ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.കണ്ണന്താനത്തിെൻറ പുതിയ പോസ്റ്റിന് താഴെയും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള കമൻറുകളും ട്രോളുകളുമാണ് വരുന്നത്.
ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങുന്ന കണ്ണന്താനത്തിന്റെ ചിത്രത്തിനെ കളിയാക്കി കൊണ്ട് നിരവധി ട്രോളുകളാണ് വന്നത്. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സോമനാംബുലിസത്തെ കുറിച്ച് കേട്ടിട്ടുണ്ട്, എന്നാല്‍ ഉറക്കത്തിൽ ഫേസ്ബുക്ക് പോസ്റ്റിടുന്ന ഒരു വേർഷൻ ഇതാദ്യമാണെന്ന് ഫേസ്ബുക്കില്‍ പരിഹാസമുയര്‍ന്നിരുന്നു.
കണ്ണന്താനം ഫേസ്ബുക്കിൽ നൽകിയ വിശദീകരണം
കേരളത്തിലെ പ്രളയ ബാധിത മേഖലകൾ സന്ദർശിക്കുകയുണ്ടായി. ദുരിതബാധിതർക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തിൽ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചു. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തിൽ എെൻറ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എന്റെ പേഴ്സണൽ സ്റ്റാഫ് ആണ് ഞാൻ ഉറങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഉറങ്ങുന്ന ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.