അമ്പലവയൽ: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക കോളജില്‍ എം.എസ്.സി അഗ്രികള്‍ച്ചര്‍ കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ മൂന്നു വര്‍ഷമായി കോവിഡ് മൂലം മുടങ്ങിയ പൂപ്പൊലി 2023 ജനുവരി ഒന്ന് മുതല്‍ പൂര്‍വാധികം പൊലിമയോടെ സംഘടിപ്പിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.
അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ കാര്‍ഷിക മേഖലയുടെയും കാര്‍ഷിക വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനും കാര്‍ഷിക കോളജില്‍ ബിരുദാനന്തര കോഴ്‌സ് തുടങ്ങേണ്ടത് ആവശ്യമാണ്.
അഗ്രികള്‍ച്ചര്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ രണ്ടാം സെമസ്റ്റര്‍ കഴിഞ്ഞ ഉടനെ ഒരു കൃഷി ഭവനുമായി ബന്ധിപ്പിക്കും. കൃഷിയുമായും കര്‍ഷകരുമായും ആത്മബന്ധമുണ്ടാക്കുന്നതിനാണിത്. വയനാടിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഹോര്‍ട്ടികള്‍ച്ചറിന് വളരെയധികം പ്രാധാന്യമുണ്ട്.
പൂപ്പൊലി ഇതിനൊരു മുതല്‍കൂട്ടാണെന്നും മന്ത്രി പറഞ്ഞു. വിളയെ അടിസ്ഥാനപ്പെടുത്തിയുള്ള നിലവിലെ കൃഷി രീതിക്കു പകരം വിളയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയിലേക്ക് കേരളം മാറാന്‍ പോവുകയാണ്. ആനുകൂല്യങ്ങളും പദ്ധതികളും വിളയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്.
ഇതില്‍ മാറ്റം കൊണ്ടുവരാനാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ണിന്റെ ഘടന, ഭൂമിയുടെ പ്രത്യേകത, കാലാവസ്ഥ എന്നിവ അടിസ്ഥാനമാക്കിയുള്ള ആസൂത്രണമാണ് കൃഷിയിടത്തില്‍ നിന്നുണ്ടാവേണ്ടത്. ആസൂത്രണം മുതലുള്ള കാര്യത്തില്‍ കര്‍ഷകന് പങ്കാളിത്തം വേണം. വിളയിടം മുതല്‍ സംസ്ഥാനതലം വരെ നീളുന്ന ആസൂത്രണ രീതിയാണ് ഉണ്ടാവേണ്ടത്.
ഓരോ കൃഷി ഭവനില്‍ നിന്നും ഒരു മൂല്യവര്‍ധിത ഉൽപന്നം നിര്‍ബന്ധമായും ഉല്‍പാദിപ്പിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഉൽപന്നങ്ങൾ കൃത്യമായി വില്‍ക്കാന്‍ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) എന്ന പേരില്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കമ്പനി ഒരു മാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അമ്പലവയല്‍: കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും കോളജിലും കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിവിധ ക്ഷേമ- അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളജിലെ വനിത ഹോസ്റ്റല്‍ ഉദ്ഘാടനവും അക്കാദമിക് ബ്ലോക്ക്, മാതൃക പരിശീലന യൂണിറ്റ് എന്നിവയുടെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലയില്‍ കാര്‍ഷിക വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മാതൃക തേന്‍ സംസ്‌കരണ യൂനിറ്റ്, ശീതീകരണ യൂനിറ്റ്, കൂണ്‍വിത്ത് ഉൽപാദന കേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടി ഉദ്ഘാടനവും പുഷ്പ വിള നടീല്‍ വസ്തുക്കളുടെ വിതരണം, ആദിവാസി കര്‍ഷകര്‍ക്ക് തെങ്ങിന്‍ തൈ- ആട്ടിന്‍ കുട്ടികള്‍ എന്നിവയുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായാണ് ആട്ടിന്‍കുട്ടികളും തെങ്ങിന്‍ തൈകളും വിതരണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി 2000 തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. തിരുനെല്ലി തേന്‍ സംസ്‌കരണ യൂനിറ്റിലൂടെ ബ്രാൻഡ് ചെയ്ത തേനിന്റെ ആദ്യ വില്‍പ്പന മന്ത്രി നിര്‍വഹിച്ചു.
തിരുനെല്ലി പട്ടികവര്‍ഗ സേവന സംഘം പ്രസിഡന്റ് എന്‍.ബി. വിജയന്‍, സെക്രട്ടറി ഇ.എസ്. സുനോജ് എന്നിവര്‍ ഏറ്റുവാങ്ങി. കൂണ്‍ കര്‍ഷക ബീന ശശി കൂണ്‍ വിത്തും ചന്ദ്രമതി നെല്ലാറ ആട്ടിന്‍ കുട്ടിയെയും ധനേഷ് നെല്ലാറ തെങ്ങിന്‍ തൈയും പുഷ്പ കര്‍ഷകന്‍ ജേക്കബ് വാണിജ്യ മൂല്യമുള്ള അലങ്കാര സസ്യങ്ങളുടെ നടീല്‍ വസ്തുക്കളും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
കുരുമുളക് കര്‍ഷകന്‍ എ. ബാലകൃഷ്ണന്‍, വന്യഓര്‍ക്കിഡ് സംരക്ഷണത്തിലുടെ ശ്രദ്ധേയനായ കര്‍ഷകന്‍ വി.യു. സാബു, ബ്രാന്‍ഡഡ് തേനിന്റെ ലോഗോ നിര്‍മിച്ച കാര്‍ഷിക കോളജ് വിദ്യാര്‍ഥിനി ദിവ്യ വില്യം എന്നിവരെ മന്ത്രി ആദരിച്ചു.
കോളജിലെ 2019 ബാച്ച് വിദ്യാര്‍ഥികളുടെ ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയ പരിപാടിയുടെ ഔദ്യോഗിക ലോഗോയും മന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു.
ഒ.ആര്‍. കേളു എം.എല്‍.എ, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആര്‍. ചന്ദ്രബാബു, അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍, ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി, കേരള കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം- കാര്‍ഷിക കോളജ് അസ്സോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ.കെ. അജിത്കുമാര്‍, ഇ.ജെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.