കൊച്ചി: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്) കേരളത്തിൽ ആശങ്ക പടർത്തുന്നതിനിടെ അസുഖം ബാധിച്ച് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള 12കാരന്‍റെ ആരോഗ്യനിലയിൽ പുരോഗതി. ഇതേതുടർന്ന് കുട്ടിയെ ഐ.സി.യുവിൽനിന്ന് മുറിയിലേക്ക് മാറ്റി. തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ചികിത്സയിൽ കഴിയുന്നത്.
ജൂൺ ഒന്നിന് പനിയെത്തുടർന്ന് പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തൃശൂർ ഗവ.മെഡിക്കൽ കോളജിലേക്കും മാറ്റി. ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ ‘സെറിബ്രോ സ്‌പൈനൽ ഫ്ലൂയിഡ്’ സാമ്പിൾ അയച്ച് നടത്തിയ പരിശോധനയിലാണ് വെർമമീബ വെർമിഫോർമിസ് അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
പിന്നീട് കുട്ടിയുടെ ആരോഗ്യനില മോശമാകുകയും വെന്‍റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16ന് അമൃത ആശുപത്രിയിലെത്തിച്ചു. അമൃത ആശുപത്രിയിൽ നടത്തിയ ലാബ് പുനഃപരിശോധനയിലും ഫലം പോസിറ്റിവായിരുന്നു. തുടർന്ന് ഒരാഴ്ചത്തെ ചികിത്സക്കുശേഷമാണ് കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടത്. രണ്ടാഴ്ച മുമ്പ് വെന്‍റിലേറ്ററിന്‍റെ സഹായമില്ലാതെ കുട്ടി ശ്വസിച്ചുതുടങ്ങിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.