മലയാറ്റൂർ: എ.കെ. ആന്റണിയുടെ ജീവിതചര്യ ഏവർക്കും മാതൃകാപരമാണെന്നും അദ്ദേഹത്തിന്റെ സുന്ദരനായ മകൻ ബി.ജെ.പിയിലേക്ക് വന്നത് വലിയ മുതൽക്കൂട്ടാണെന്നും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ. ബി.ജെ.പിയിലേക്ക് മക്കൾ മാത്രമല്ല കാരണവൻമാരും ഘട്ടംഘട്ടമായി വരും. ന്യൂനപക്ഷങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. ആന്റണിയെ ബി.ജെ.പി ഒരിക്കലും അപമാനിച്ചിട്ടില്ല - ദുഃഖവെള്ളിയാഴ്ച രാവിലെ മലയാറ്റൂർമല കയറുന്നതിനിടെ രാധാകൃഷ്ണൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
ബി.ജെ.പിയിലേക്ക് വരുന്നവരിൽ ഇടതുപക്ഷത്തു നിന്നുള്ളവരും ഉണ്ടാകും. 42 ശതമാനത്തിൽ കൂടുതൽ ക്രൈസ്തവരുള്ള ഗോവ ഭരിക്കുന്നത് ഞങ്ങളാണ്. നാഗാലാൻഡ്, മിസോറം, മണിപ്പൂർ, മേഘാലയ തുടങ്ങിയ ക്രൈസ്തവ ഭൂരിപക്ഷമേഖലകളെല്ലാം ബി.ജെ.പിക്കൊപ്പമാണ്. കേരളത്തിലും മാറ്റം ഉണ്ടാകും. ഇവിടത്തെ ആത്മീയ മനസ്സുകളും വിശ്വാസമനസ്സുകളും ഒന്നിച്ചുചേരും- എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു.
ബി.ജെ.പി., ന്യൂനപക്ഷ മോർച്ച പ്രവർത്തകർക്കൊപ്പമാണ് മലയാറ്റൂർ കുരിശുമല കയറാൻ രാധാകൃഷ്ണൻ എത്തിയത്. എന്നാൽ, 14 സ്ഥലങ്ങളുള്ള തീർത്ഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ചു. രണ്ടു ദിവസമായുള്ള പനിയുടെ ക്ഷീണമുള്ളതിനാലാണ് കുരിശുമുടിയിലേക്കുള്ള കയറ്റം ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മലയടിവാരത്തെ ബി.ജെ.പിയുടെ സംഭാരവിതരണം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ്, സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ്, ജില്ലാ പ്രസിഡന്റ് വിനോദ് വർഗീസ്, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, മണ്ഡലം ജനറൽ സെക്രട്ടറി സലീഷ് ചെമ്മണ്ടൂർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.