VD Satheesan

‘അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ല; സമരത്തെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല, മുതലാളിത്ത സര്‍ക്കാര്‍’

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും സർക്കാർ നല്‍കുന്നില്ലെന്നും അഞ്ച് വര്‍ഷം കൊണ്ട് 550 രൂപയില്‍ നിന്നും 10,000 രൂപയാക്കിയത് യു.ഡി.എഫാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അങ്കണവാടിയുടെ ചെലവിനുള്ള പണം കണ്ടെത്തേണ്ടത് ജീവനക്കാര്‍ക്ക് മൂന്നു തവണയായി കിട്ടുന്ന തുച്ഛ വേതനത്തില്‍ നിന്നുമാണ്. ഒമ്പത് മാസമായി പെന്‍ഷനും നല്‍കുന്നില്ല. സമരത്തെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല മുതലാളിത്ത സര്‍ക്കാറാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിലെ വാക്കൗട്ട് പ്രസംഗത്തിൽ പറഞ്ഞു.

“യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ 2016ല്‍ മറുപടി നല്‍കിയിട്ടുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് 550 രൂപയില്‍ നിന്നും 10,000 രൂപയായാണ് യു.ഡി.എഫ് സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിച്ചത്. അപ്പോള്‍ സംസ്ഥാന വിഹിതം 7000 രൂപയായി വര്‍ധിച്ചു. എന്നാല്‍ അന്നത്തെ ജോലിയാണോ ഇന്ന് അങ്കണവാടി ജീവനക്കാര്‍ ചെയ്യുന്നത്? പോഷകാഹാര വിതരണം, അനൗപചാരിക വിദ്യാഭ്യാസം, നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും ഭവന സന്ദര്‍ശനം, അവര്‍ക്കുവേണ്ട ന്യൂട്രീഷന്‍ കൗണ്‍സലിംഗ് എന്നിവ അങ്കണവാടി പ്രവര്‍ത്തകര്‍ ചെയ്യണം. പോഷണ്‍ അഭിയാന്റെ വരവോടെ അങ്കണവാടി പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു.

സാമൂഹ്യാധിഷ്ഠിത പരിപാടി, ഗ്രാമീണ ആരോഗ്യ-ശുചിത്വ-പോഷക ദൗത്യം , മൊബിലൈസിങ് പ്രവര്‍ത്തനം എന്നിവ കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏല്‍പ്പിക്കുന്ന വിവിധ ജോലികള്‍,സര്‍വേകള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള ജോലികളെല്ലാം ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളാണ് അങ്കണവാടി ജീവനക്കാര്‍. കേരളത്തില്‍ ആരെങ്കിലും ഇത്രയും ജോലി ചെയ്യുന്നവരുണ്ടോ? എല്ലാ ദിവസവും ഇവര്‍ക്ക് ജോലിയാണ്.

13,000 രൂപ പത്തു വര്‍ഷം കഴിഞ്ഞവര്‍ക്കും 10,000 രൂപ ഹെല്‍പര്‍മാര്‍ക്കും കിട്ടുമെന്നാണ് പറഞ്ഞത്. കേരളത്തിലെ മിനിമം വേജസ് ഒരുദിവസം 700 രൂപയാണ്. എന്നാല്‍ അങ്കണവാടി ജീവനക്കാര്‍ക്ക് കിട്ടുന്നത് മൂന്നൂറോ 350 രൂപയോ മാത്രമാണ്. മിനിമം കൂലിയുടെ പകുതി പോലും ലഭിക്കുന്നില്ല. ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം തന്നെ മൂന്നു തവണയായാണ് കിട്ടുന്നത്. നിലവില്‍ കിട്ടുന്ന ഓണറേറിയം വീട്ടില്‍ കൊണ്ടു പോകാനും ആകാത്ത അവസ്ഥയാണ്. സ്വന്തമായി കെട്ടിടമില്ലാത്ത അങ്കണ്‍വാടികളുടെ വാടകയും കറന്റ് ബില്ലും വാട്ടര്‍ ബില്ലും മുട്ടയും പച്ചക്കറിയും പാലും വാങ്ങാനുള്ള പണവും ഓണറേറിയത്തില്‍നിന്നും നല്‍കണം. പിന്നീട് എപ്പോഴെങ്കിലും അത് തിരിച്ചു നല്‍കും. കേരളത്തില്‍ ഏതെങ്കിലും തൊഴില്‍ രംഗത്ത് ഈ ഗതികേടുണ്ടോ? ഇതാണ് സങ്കടം.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതു തന്നെയാണ് ഞങ്ങളുടെ നിലപാട്. ഞങ്ങളുടെ ഭരണകാലത്ത് അഞ്ച് വര്‍ഷം കൊണ്ട് 550 രൂപയില്‍നിന്നും 10,000 രൂപയിലേക്ക് ഓണറേറിയം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ ജീവിതചെലവ് കൂടി പരിഗണിച്ച് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്നത് പോലെ എന്തെങ്കിലും സഹായം അങ്കണവാടി ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ടോ?

2024 മുതല്‍ ഒന്‍പത് മാസമായി അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ല. ഇത്രയും ജോലി ചെയ്ത് റിട്ടയര്‍ ചെയ്ത് പോകുന്ന, പാവപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഒരു സ്ത്രീയ്ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കിയിട്ടില്ല. അംശാദായം നല്‍കുന്ന പെന്‍ഷനാണ് നല്‍കാതിരിക്കുന്നത്. അവര്‍ക്ക് കിട്ടേണ്ട നക്കാപ്പിച്ച പൈസയെങ്കിലും നല്‍കേണ്ടേ?

ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ ബി.ജെ.പിക്കൊപ്പം ഞങ്ങള്‍ സമരം നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്. ഞങ്ങള്‍ ബി.ജെ.പിക്കൊപ്പമല്ല സമരം നടത്തുന്നത്. അവിടെ നടക്കുന്ന സമരം ന്യായമായ സമരമായതു കൊണ്ടാണ് ഐക്യജനാധിപത്യ മുന്നണി ആ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അതിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അത് ബാധകമല്ല. വിഴിഞ്ഞത്ത് ലത്തീന്‍ രൂപത സമരം നടത്തിയപ്പോള്‍ ആ സമരത്തിന് എതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സെക്രട്ടേറിയറ്റിന് മുന്നില്‍ ഒന്നിച്ച് സമരം ചെയ്തതിന്റെ പടമാണിത്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയത് കുമ്മനം രാജശേഖരനും എം.എ ബേബിയുമായിരുന്നു. പാലക്കാട് പാതിരാ നാടകം നടത്തിയപ്പോള്‍ സമരം ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീമും വി.വി രാജേഷുമായിരുന്നു.

ഒരാളും ചെയ്യാത്ത കഠിന ജോലിയാണ് അങ്കണവാടി ജീവനക്കാര്‍ ചെയ്യുന്നത്. എന്നിട്ടും അവര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ആ വേതനത്തില്‍ നിന്നും അങ്കണവാടിയുടെ ചെലവുകള്‍ക്ക് പണം നല്‍കേണ്ട ഗതികേടിലാണ് അവര്‍. റിട്ടയര്‍ ചെയ്യുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കുന്നില്ല. ഇതിനൊക്കെ വേണ്ടി സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ പരിഹസിച്ചാല്‍ നിങ്ങള്‍ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയല്ല, മുതലാളിത്ത പാര്‍ട്ടിയാണെന്ന് സംശയലേശമന്യേ പറയേണ്ടി വരും. അങ്കണവാടി ജീവനക്കാരുടെ സമരത്തെ പുച്ഛിക്കുന്നതിലും ന്യായമായ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാത്തതിലും പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു” -വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - 'Anganwadi workers are not even paid half the minimum wage; Those who despise the strike are not communists, but the capitalist government': VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.