തിരുവനന്തപുരം: കോൺഗ്രസ് ഏൽപിച്ച പദവികളിൽ നിന്നും അനിൽ ആൻറണി രാജിവെച്ചു. ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാര്‍ട്ടി നിലപാട് തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ കൂടിയായ കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിയുടെ നടപടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇത് ചർച്ചയായതോടെ അനിലിനെ തള്ളി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് രാജി. വിമർശനം ഉയർന്നിട്ടും നിലപാട് മാറ്റാൻ അനിൽ തയ്യാറായിരുന്നില്ല.
ഡോക്യുമെന്ററിക്ക് രാജ്യത്ത് പ്രഖ്യാപിച്ച അപ്രഖ്യാപിത വിലക്കിനെതിരെ രാഹുൽ ഗാന്ധിയുൾപ്പെടെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത് കണക്കിലെടുക്കാതെയാണ് അനിൽ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഡോക്യുമെന്ററി വിവാദം കേരളത്തിൽ രാഷ്ട്രീയ ആയുധമാക്കാൻ എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നതിനിടെയാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന പ്രതികരണം അനിലിൽനിന്നുണ്ടായത്.
അനിലിന്റെ വാക്കുകൾ എതിരാളികൾക്ക് ആയുധം നൽകുന്നതാണെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത പ്രതികരണമാണ് കെ.പി.സി.സി, യൂത്ത് കോൺഗ്രസ് നേതൃത്വങ്ങളിൽനിന്ന് ഉണ്ടായത്. കെ.പി.സി.സി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്ക് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് അനിലിന്റെ പേരെടുത്ത് പറയാതെ കെ. സുധാകരൻ പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണെന്ന് ഷാഫി പറമ്പിലും പറഞ്ഞു. അനിലിനെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. മറ്റു മുതിർന്ന നേതാക്കൾ പരസ്യവിമർശനം നടത്തിയില്ലെങ്കിലും കടുത്ത അമർഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.