തൃശൂർ: അറിവിനപ്പുറത്തെ തിരിച്ചറിവിന്‍റെ പാതയിൽ പുതിയ അടയാളപ്പെടുത്തലിന് ഒരുങ്ങുകയാണ് തൃശൂർ കേരളവർമ കോളജ്. മജ്ജ അർബുദം (മൈലോഫൈബ്രോസിസ്) ബാധിച്ച 50കാരിയുടെ ചികിത്സക്കായി രക്തമൂലകോശങ്ങൾ തേടുകയാണ് കാമ്പസ്.
വ്യാഴാഴ്ച കോളജിലെ വിദ്യാർഥികൾക്കും ശനിയാഴ്ച പുറമെനിന്നുള്ളവർക്കുമായി രക്തമൂലകോശ ദാന രജിസ്ട്രേഷൻ (ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രേഷൻ) ക്യാമ്പുമായി രംഗത്തു വന്നിരിക്കുകയാണ് കോളജിലെ വിദ്യാർഥികളും പൂർവ വിദ്യാർഥികളും അധ്യാപകരും.
കുന്നംകുളം സ്വദേശിയായ അനിതക്ക് 10 വർഷമായി മജ്ജയിൽ അർബുദം ബാധിച്ചിട്ട്. മരുന്നുകളുടെ സഹായത്തോടെ രോഗത്തെ ഒതുക്കി നിർത്താനായെങ്കിലും ഒരു വർഷമായി രോഗം സങ്കീർണമായി. രക്തമൂലകോശങ്ങൾ മാറ്റിവെക്കുക മാത്രമാണ് ഏക പ്രതിവിധി.
അതിനായി എച്ച്.എൽ.എ സാമ്യമുള്ള ഒരു ദാതാവ് വേണം. സഹോദരങ്ങളുടെ മൂലകോശം യോജിക്കുന്നതല്ല. ഇതോടെ രാജ്യത്തെ ബ്ലഡ് സ്റ്റം സെൽ ഡോണർ രജിസ്ട്രിയായ ദാത്രിയിലൂടെ ദാതാവിനെ തേടുകയാണവർ.
ഇതുവരെ രജിസ്റ്റർ ചെയ്ത അഞ്ചുലക്ഷത്തിലധികം സന്നദ്ധ ദാതാക്കളിൽ ആരും സാമ്യം ഇല്ല. കൂടുതൽ ആളുകളിൽ സാമ്യം നോക്കുന്നതിനുള്ള ഡോണർ രജിസ്ട്രേഷൻ കാമ്പയിനാണ് കാമ്പസ് വേദിയാവുന്നത്. 18 മുതൽ വരെ പ്രായമുള്ള ആരോഗ്യമുള്ള ആർക്കും ദാതാവായി രജിസ്റ്റർ ചെയ്യാം.
മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും ചെയ്യേണ്ടതില്ലെന്ന് ഡോ. സി. രാവുണ്ണി പറഞ്ഞു. ഇതുവരെ 1033 രക്തമൂലകോശ ദാനങ്ങൾ ദാത്രിയിലൂടെ നടന്നതായി ദാത്രി വക്താവ് അതുല്യ കൃഷ്ണൻ വ്യക്തമാക്കി.
പി.ജി. ശിവൻ, അബ്ദുറസാഖ്, രമ നാരായണൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് www.datri.org, 78248 33367.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.