അനിത പുല്ലയിൽ നിയമസഭ മന്ദിരത്തിൽ കയറിയത് വീഴ്ച: സഭ ടി.വി ഏജൻസിയിലെ നാല് ജീവനക്കാരെ പുറത്താക്കി

തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണവിധേയായ അനിത പുല്ലയിൽ ലോക കേരളസഭ സമയത്ത് നിയമസഭയിൽ പ്രവേശിച്ചതിൽ വീഴ്ച സംഭവിച്ചെന്ന് സ്പീക്കർ എം.ബി. രാജേഷ്. സംഭവത്തിൽ സഭ ടി.വിക്ക് സാങ്കേതിക സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷൻ എന്ന ഏജൻസിയിലെ നാല് കരാർ ജീവനക്കാരെ പുറത്താക്കാൻ തീരുമാനിച്ചതായും സ്പീക്കർ അറിയിച്ചു.

ഫസീല, വിപുരാജ്, പ്രവീൺ, വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി. ഇതിൽ ഫസീലയുടെ കൂടെയാണ് അനിത സഭാമന്ദിരത്തിൽ പ്രവേശിച്ചത്. ഇവർക്കൊപ്പം സഭ ടി.വി ഓഫിസിലുണ്ടായിരുന്നവർ എന്നപേരിലാണ് മറ്റ് മൂന്നുപേർക്കെതിരെയുള്ള നടപടിയെന്ന് സ്പീക്കർ വിശദീകരിച്ചു.

അതേസമയം ഇവർക്കെതിരെ പൊലീസ് കേസിനോ ഏജൻസിയായ ബിട്രെയിറ്റ് സൊലൂഷനെതിരെ നടപടിക്കോ സ്പീക്കർ തയാറായിട്ടില്ല. അതീവ സുരക്ഷമേഖലയായ നിയമസഭയിൽ അനധികൃതമായി പ്രവേശിച്ചയാൾക്കെതിരെ എന്തുകൊണ്ട് പൊലീസ് കേസില്ലെന്ന് ചോദിച്ചപ്പോൾ എന്ത് പേരിൽ നടപടിയെടുക്കുമെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ വിതരണം ചെയ്ത ക്ഷണക്കത്ത് ഉപയോഗിച്ചാണ് അനിത സഭ വളപ്പിൽ കയറിയതെന്നാണ് ചീഫ് മാർഷലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് സ്പീക്കർ പറഞ്ഞു. ഇവിടെനിന്ന് സഭ ടി.വിക്ക് സഹായം നൽകുന്ന ഏജൻസിയിലെ കരാർ ജീവനക്കാരിക്കൊപ്പമാണ് സഭ മന്ദിരത്തിൽ കയറിയത്. കരാർ ജീവനക്കാരിക്ക് നിയമസഭ പാസും ലോക കേരളസഭയുടെ പാസുമുണ്ടായിരുന്നു.

ഇതിൽ ഒന്ന് ഉപയോഗിച്ചാണ് അനിത സഭ മന്ദിരത്തിൽ കയറിയത്. അനിതയെ സഭയിൽ കൊണ്ടുവരുന്നതിൽ നിയമസഭ സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് പങ്കില്ല. വാച്ച് ആൻഡ് വാർഡിന് ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ശ്രദ്ധയിൽപെട്ട ഉടൻ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ഓപൺ ഫോറത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് ഉദാരമായാണ് സൗകര്യമൊരുക്കിയത്. അത് ദുരുപയോഗം ചെയ്യുകയായിരുന്നു. സഭ ടി.വിയുടെ സാങ്കേതിക സംവിധാനങ്ങൾ പൂർണമായും നിയമസഭയുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ്. നിയമസഭയിലേക്കുള്ള പ്രവേശനവും സുരക്ഷയും കൂടുതൽ കർക്കശമാക്കും.

സഭ ടി.വിയുടെ ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി ചാനലുകളിലൂടെ പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് നിർത്താനും തീരുമാനിച്ചിട്ടുണ്ട്.

Tags:    
News Summary - Anitha Pullayil Assembly building entry: Sabha TV agency fires four employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.