കൊച്ചി: സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി ദേശീയപതാക തലതിരിച്ച് ഉയർത്തിയെന്ന കേസിൽ പ്രതിയായ ലക്ഷദ്വീപിലെ ബി.ജെ.പി നേതാവിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഹർ ഘർ തിരംഗ് പരിപാടിയുടെ ഭാഗമായി വീട്ടിൽ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ ബി.ജെ.പി ഘടകം ജനറൽ സെക്രട്ടറി എച്ച്.കെ. മുഹമ്മദ് കാസിമിനാണ് ജസ്റ്റിസ് വിജു എബ്രഹാം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
ആഗസ്റ്റ് 29ന് രാവിലെ കവരത്തി പൊലീസ് സ്റ്റേഷനിൽ ഹരജിക്കാരൻ ഹാജരാകണമെന്നും അറസ്റ്റ് ചെയ്താൽ അന്നുതന്നെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 50,000 രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് വിട്ടയക്കണമെന്നുമാണ് ഉത്തരവ്.
മുഹമ്മദ് കാസിം ദേശീയപതാക തലതിരിച്ച് പിടിച്ചുനിൽക്കുന്ന ചിത്രം വാട്സ്ആപ്പിൽ പ്രചരിക്കുന്നത് കണ്ടാണ് കവരത്തി പൊലീസ് കേസെടുത്തത്
. എന്നാൽ, ഹരജിക്കാരനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി.
ദേശീയപതാക മനഃപൂർവം തലതിരിച്ച് പിടിച്ചതല്ലെന്നും പതാകയോട് അനാദരവുകാട്ടാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. വീട്ടിൽ പതാക ഉയർത്തിയതിന്റെ ചിത്രം ഹരജിക്കാരൻ തന്നെയാണ് വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.