ഹൈറിച്ച് തട്ടിപ്പ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

കൊച്ചി: ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയുടേതാണ് നടപടി. മുൻകൂർ ജാമ്യാപേക്ഷ ഇനി ചൊവ്വാഴ്ചയാണ് പരിഗണിക്കുക.

ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. സമാനസ്വഭാവമുള്ള 19 കേസിൽക്കൂടി ഇവർ പ്രതികളാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിൽ മൂന്നു കേസിൽ വിചാരണ പൂർത്തിയാക്കി ഇവരെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

ഇവർക്കായി ഇ.ഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. മണിചെയിൻ തട്ടിപ്പിൽ 1693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഇവർ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന് വ്യക്തമാക്കിയാണ് നടപടി.

ഒ.ടി.ടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്ന് വ്യാമോഹിപ്പിച്ചും പ്രതികൾ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടിയുടെ സ്വത്ത് മാത്രമാണ് ഇ.ഡിക്ക് മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്.

Tags:    
News Summary - Anticipatory bail plea of Highrich scam accused again changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.