തിരുവനന്തപുരം: മാതാവിെൻറ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തെക്കുറിച്ച് സർക്കാർ നിർദേശാനുസരണം വനിത-ശിശു വികസന വകുപ്പ് നടത്തുന്ന അന്വേഷണത്തിെൻറ ഭാഗമായാണ് ഈ പരിശോധന. വകുപ്പ് ഡയറക്ടർ ടി.വി. അനുപമ ശിശുക്ഷേമ സമിതിക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നൽകി. കുട്ടിയെ കൈമാറിയെന്ന് മാതാവ് അനുപമ ആരോപിക്കുന്ന ദിവസത്തിൽ വ്യക്തത വരുത്താനാണ് ഇൗ നടപടി.
കുഞ്ഞിനെ കൈമാറിയെന്ന് പറയപ്പെടുന്ന കഴിഞ്ഞവർഷം ഒക്ടോബറിലെ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ നശിപ്പിച്ചെന്ന് ജീവനക്കാരുടെ തെന്ന പേരിൽ പുറത്തുവന്ന കത്തിൽ പരാമർശിച്ചിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽനിന്ന് ലഭിച്ചെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. ഇക്കാര്യം പരാതിയിൽ നിർണായകവുമാണ്. അത് കണ്ടെത്താൻ സി.സി.ടി.വി ദൃശ്യങ്ങളും നിർണായകമാണ്. അതിനാണ് ഇൗ ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ കൈമാറുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.
സി.സി.ടി.വി ദൃശ്യങ്ങളടക്കം നശിപ്പിച്ചു; ഷിജുഖാനെതിരെ മുഖ്യമന്ത്രിക്ക് ശിശുക്ഷേമ സമിതി ജീവനക്കാരുടെ കത്ത്
തിരുവനന്തപുരം: കുഞ്ഞിെൻറ അനധികൃത ദത്ത് സംഭവത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാർ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോർജിനും പരാതി നൽകി.
കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചതായി കത്തിൽ പറയുന്നു. നിയമലംഘനങ്ങൾ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സുനന്ദയും ചേർന്നാണ്. പ്രശ്നങ്ങൾ പുറത്തുവന്നപ്പോൾ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്.
2020 ഒക്ടോബർ 22ന് അർധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച കുഞ്ഞിെൻറ വിവരം സമിതിയിലെ മുഴുവൻ ജീവനക്കാർക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളിൽ സമിതിയിലെ അമ്മത്തൊട്ടിൽ പൂർണമായി പ്രവർത്തിച്ചിരുന്നില്ല.
ഷിജുഖാൻ നൽകിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂർക്കടയിലെ പാർട്ടി ലോക്കൽ കമ്മിറ്റിയംഗവും ചേർന്ന് ഒക്ടോബർ 22ന് രാത്രി ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെൺകുഞ്ഞാക്കി രജിസ്റ്ററിൽ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാർത്തകളും നൽകി.
23ന് വെള്ളിയാഴ്ച മറ്റൊരു ആൺകുഞ്ഞിനെയും സമിതിയിൽ ലഭിച്ചു. പിറ്റെ ദിവസം ആൺ-പെൺ വിവാദം വന്നപ്പോൾ തൈക്കാട് ആശുപത്രിയിൽ പോയി രജിസ്റ്ററിൽ പെൺകുട്ടി എന്നത് ആൺകുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കൽ കേന്ദ്രത്തിലെ അഡോപ്ഷൻ ഒാഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാൻ നൽകിയത്.
അനുപമയും ഭർത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാെൻറ അടുത്തുവന്നപ്പോൾ ധിറുതിപ്പെട്ട് കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്പതികൾക്ക് നൽകിയെന്ന് പാർട്ടിയും സർക്കാറും അന്വേഷിക്കണം. കുഞ്ഞിെൻറ ഡി.എൻ.എ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടപ്പോൾ ഒക്ടോബർ 23ന് ലഭിച്ച പെലെ എഡിസൺ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.