തിരുവനന്തപുരം: മലപ്പുറത്ത് ഹോമിയോ മെഡിക്കൽ ഓഫിസർ നിയമനത്തിന് പണം വാങ്ങിയെന്ന പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി കന്‍റോൺമെന്‍റ് പൊലീസ്. ഗൂഢാലോചന, വ്യാജ ഇ-മെയിൽ വിലാസം ഉണ്ടാക്കി എന്നീ കുറ്റങ്ങൾ ആരോപിച്ച് കോഴിക്കോട് എകരൂൽ സ്വദേശിയും അഭിഭാഷകനുമായ എം.കെ. റഹീസിനെയാണ് അറസ്റ്റ് ചെയ്‌തത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അഖിൽ സജീവിനെയും കോഴിക്കോട് സ്വദേശി അഡ്വ. ലെനിൻരാജിനെയും പ്രതി ചേർത്തുള്ള റിപ്പോർട്ട് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകി. ഇതിന്റെ തുടർച്ചയായാണ് റഹീസിനെയും മലപ്പുറം സ്വദേശി ബാസിതിനെയും തിരുവനന്തപുരത്തെത്തിച്ച് ചോദ്യംചെയ്‌തത്.
സിറ്റി പൊലീസ് മേധാവി സി.എച്ച്. നാഗരാജുവിന്റെയും കന്റോൺമെന്റ് അസി. കമീഷണർ സ്റ്റ്യുവർട്ട് കീലറിന്റെയും നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ അഖിൽ സജീവും റഹീസും ചേർന്ന് വ്യാജ രേഖയുണ്ടാക്കിയതിന്റെയും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും തെളിവുകൾ ലഭിച്ചു. ചോദ്യംചെയ്യലിലുടനീളം കുറ്റം നിഷേധിക്കുന്ന സമീപനമാണ് റഹീസ് സ്വീകരിച്ചത്. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ചു. റഹീസിനെ ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കും.
റഹീസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ആയുഷ് മിഷന്റെ വ്യാജ ഇ-മെയിൽ വിലാസമുണ്ടാക്കിയത്. ഫോൺ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിൽ ഇ-മെയിൽ നിർമിച്ച ശേഷം അഖിൽ സജീവിന് അയച്ചുനൽകിയതിന്റെ സ്ക്രീൻ ഷോട്ടടക്കം കണ്ടെടുത്തു. ഗൂഢാലോചനയിലും റഹീസിന് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി പണമിടപാടുകളും ഇവർ തമ്മിലുണ്ട്. നൂറിലധികം തവണ ഗൂഗിൾ പേ വഴി പണം കൈമാറിയെന്നും പൊലീസ് പറയുന്നു. വിളിച്ചാൽ വീണ്ടും ഹാജരാകണമെന്ന നോട്ടീസോടെ കെ.പി. ബാസിതിനെ വിട്ടയച്ചു.
ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനിൽനിന്ന് ലെനിൻ 50,000വും അഖിൽ സജീവ് 25,000വും രൂപ തട്ടിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിന് സമീപത്തുവെച്ച് ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അഖിൽ മാത്യു ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശി ഹരിദാസന്‍റെ ആരോപണത്തോടെയാണ് നിയമനതട്ടിപ്പ് സംഘത്തെക്കുറിച്ച വിവരം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.